നെടുമങ്ങാട്: നിയന്ത്രണംവിട്ട് മറിഞ്ഞ ആംബുലൻസിൽ മദ്യം സൂക്ഷിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നും ആംബുലൻസിൽ നിന്ന് മദ്യം കണ്ടെത്താനായില്ലെന്നും നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ എസ്. വിനോദ് പറഞ്ഞു. ഞായറാഴ്ച രാത്രി 7.30ഓടെ പരിയാരം ഗുരുദേവ മന്ദിരത്തിന് സമീപത്താണ് ആംബുലൻസ് മറിഞ്ഞത്. വെമ്പായം ഗ്രാമപഞ്ചായത്ത് പി.എച്ച്.സിയിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറും മറ്റൊരു ജീവനക്കാരനും പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ച ശേഷം മടങ്ങിയ വാഹനമാണിത്. രോഗിയില്ലാതെ ബീക്കൺ ലൈറ്റ് കത്തിച്ച് അമിത വേഗതയിൽ പോവുകയായിരുന്നുവെന്നും മറിഞ്ഞയുടനെ ക്രെയിൻ ഉപയോഗിച്ച് മാറ്റിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് വാർഡ് മെമ്പർ എം. സതീശന്റെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഡ്രൈവറും സഹായിയും മദ്യപിച്ചിരുന്നുവെന്ന പരാതിയെ തുടർന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഫോട്ടോ: പരിയാരത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ആംബുലൻസ്