നെടുമങ്ങാട്: കൊവിഡ് വാക്സിനേഷനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ ഡോക്ടർക്കും ഹെൽത്ത് ഇൻസ്പെക്ടർക്കും നേരെ കൈയേറ്റവും വധഭീഷണിയുമെന്ന് പരാതി. പനവൂർ പി.എച്ച്.സിയിലാണ് സംഭവം. മുൻഗണനാപ്രകാരമുള്ള വാക്സിനേഷന് പുറമെ, ബാക്കി വരുന്ന വാക്സിൻ സ്പോട്ട് രജിസ്ട്രേഷൻ വഴി നൽകുന്നതാണ് സംഘർഷത്തിന് ഇടയാക്കിയത്.

സ്പോട്ട് രജിസ്‌ട്രേഷൻ വഴി 20 പേർക്കാണ് വാക്സിൽ നൽകുന്നത്. ഇവർക്ക് ടോക്കൺ അനുവദിച്ചാണ് വാക്സിനേഷൻ നടത്തുന്നതെന്ന് മെഡിക്കൽ ഓഫീസറും ഡോക്ടറുടെ തന്നിഷ്ടമാണ് നടപ്പിലാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആരോപിക്കുന്നു.

തർക്കത്തിനിടയിൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് ഇരച്ചുകയറിയ നാല്പതോളം ആളുകളാണ് ഡോക്ടറെയും ഹെൽത്ത് ഇൻസ്പെക്ടറെയും കൈയേറ്റം ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. സ്ത്രീയെന്ന പരിഗണന പോലും കാട്ടാതെ തന്നെ അസഭ്യം വിളിച്ചുവെന്നും ജീവനക്കാരന്റെ ഷർട്ട് വലിച്ചു കീറി കൈയേറ്റം നടത്തിയെന്നും മെഡിക്കൽ ഓഫീസർ ഡോ. സ്വപ്ന പറഞ്ഞു. ഇതുസംബന്ധിച്ച് ഡി.എം.ഒ അടക്കമുള്ളവർക്ക് പരാതി നൽകി. എന്നാൽ, ഡോക്‌ടറുടെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും അനർഹരെ വാക്സിനേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണമെന്നുമാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിയുടെ വിശദീകരണം.

ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് ഡി.സി.സി മെമ്പർ ലാൽ വെള്ളാഞ്ചിറ ആവശ്യപ്പെട്ടു. പ്രസിഡന്റിനും കൂട്ടർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിനിധികൾ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി. ലാൽ വെള്ളാഞ്ചിറ, തോട്ടുമുക്ക് റഷീദ്, ഷൈല, അൻസാരി, ഒ.പി.കെ. ഷാജി, വാഴോട് റഹിം, റഷീദ്, ശോഭ, ലേഖ, വാഹിദ്, ഫെലിക്സ് തുടങ്ങിയവർ പങ്കെടുത്തു.