ആര്യനാട്: അന്തർ ജില്ലാ വാഹന മോഷണവുമായി ബന്ധപ്പെട്ട് അസ്റ്റിലായ അച്ചുവിനെ (അനന്തൻ)​ ചോദ്യം ചെയ്തതിൽ നിന്ന് ആര്യനാട് പൊലീസ് കൂടുതൽ മോഷണ സാധനങ്ങൾ കണ്ടെത്തി. മൂന്ന് കാറുകൾ, രണ്ട് മോട്ടോർ സൈക്കിൾ, രണ്ട് സ്കൂട്ടർ എന്നിവ കൂടാതെ എൽ.ഇ.ഡി ടിവി, ലാപ്ടോപ്പ്, നിരവധി മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ചിങ്ങവനം, ആറ്റിങ്ങൽ, അമ്പലത്തറ എന്നിവിടങ്ങളിൽ നിന്ന് മോഷണംപോയ രണ്ട് സ്കൂട്ടറുകൾ, വിളപ്പിൽശാല, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്ന് മോഷണം പോയ രണ്ട് മോട്ടോർ സൈക്കിളുകൾ, ചിറയിൻകീഴ്, വർക്കല എന്നിവിങ്ങളിലെ മൊബൈൽ ഫോൺ കടകളിൽ നിന്ന് മോഷണം പോയ മൊബൈൽ ഫോണുകൾ, കടയ്ക്കലിലെ കടയിൽ നിന്ന് മോഷണം പോയ തുണികൾ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. കാട്ടാക്കട ഡിവൈ.എസ്.പി ഷാജി, ഇൻസ്പെക്ടർ മഹേഷ് കുമാർ, സബ് ഇൻസ്പെക്ടർ ബി. രമേശൻ, ബൈജു, സി.പി.ഒമാരായ ഷിബു, സജിത്ത്, പ്രമിദ, അനൂപ് അച്യുത് ശങ്കർ, മനോജ് വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അരസ്റ്റിന് നേതൃത്വം നൽകിയത്.