തിരുവനന്തപുരം: ഇന്ദ്രജാലമെന്ന കലാരൂപത്തെ ജനകീയമാക്കുന്നതിനൊപ്പം അതിന്റെ ശാസ്ത്രീയാടിത്തറ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിൽ നിർണായകമായി മാറിയ മാജിക് അക്കാഡമിക്ക് 25 വയസ്. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ആരംഭിച്ച അക്കാഡമി ഏഷ്യയിലെ ആദ്യത്തെ മാജിക് പഠനകേന്ദ്രമായി മാറിയത് കേരളത്തിനും നേട്ടമായി.
1996 മേയ് 31ന് അന്നത്തെ സാംസ്‌കാരിക മന്ത്രി ടി.കെ. രാമകൃഷ്ണനാണ് അക്കാഡമി ഒഫ് മാജിക്കൽ സയൻസ് എന്ന മാജിക് അക്കാഡമിയുടെ ഉദ്ഘാടനം നിർവഹിച്ചത്. മലയാറ്റൂർ രാമകൃഷ്ണനായിരുന്നു സ്ഥാപക രക്ഷാധികാരി. തുടർന്ന് ഒ.എൻ.വി. കുറുപ്പ് വഹിച്ചിരുന്ന സ്ഥാനം ഇപ്പോൾ അടൂർ ഗോപാലകൃഷ്ണനാണ്.
ഇന്ദ്രജാല മേഖലയിലെ സജീവ സാന്നിദ്ധ്യമായി മാറിയ അക്കാഡമി 2014ൽ തെരുവുജാലവിദ്യക്കാരുടെയും കലാകാരന്മാരുടെയും പുനരധിവാസപ്രവർത്തനങ്ങളുടെ ഭാഗമായി ലോകത്തിലെ ആദ്യത്തെ മാജിക് മ്യൂസിയമായ മാജിക് പ്ലാനറ്റ് കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സ്ഥാപിച്ചു.
തുടർന്ന് ഭിന്നശേഷിക്കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് എം പവർ, ഡിഫറന്റ് ആർട് സെന്റർ, ഭിന്നശേഷിക്കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലന കേന്ദ്രമായ കരിസ്മ സെന്റർ എന്നിവ സ്ഥാപിച്ചു. സിൽവർ ജൂബിലി ദിനമായ ഇന്നലെ ഗോപിനാഥ് മുതുകാട്, ചന്ദ്രസേനൻ മിതൃമ്മല, ഡയറക്ടർമാർ എന്നിവർ പങ്കെടുത്ത ഓൺലൈൻ മീറ്റിംഗ് നടന്നു.