തിരുവനന്തപുരം: ആർ.സി.സിയിൽ തകരാറിലായ ലിഫ്റ്റിൽ നിന്നു താഴേക്ക് വീണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അഞ്ചു ജീവനക്കാർക്കെതിരെ നടപടി. സ്ഥിരം ജീവനക്കാരായ ഇലക്ട്രിഷ്യൻ, ഇലക്ട്രിക്കൽ സൂപ്പർവൈസർ എന്നിവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയും താത്കാലിക ജീവനക്കാരായ മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിനും കൈമാറി. അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സിയുവിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള യുവതിയുടെ ആശുപത്രി ചെലവും ആർ.സി.സി ഏറ്റെടുത്തു. യുവതിയുടെ സഹായത്തിന് 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ നഴ്സിംഗ് അസിസ്റ്റന്റിനെ ഡ്യൂട്ടിക്കും നിയോഗിച്ചു.
കഴിഞ്ഞ മേയ് 15ന് രാവിലെയാണ് ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരുന്ന ശേഷം പുറത്തേക്ക് ഇറങ്ങിയ പത്തനാപുരം സ്വദേശിയായ നദീറ (22) ബി - ബ്ലോക്കിലെ തകരാറിലായിരുന്ന ലിഫ്റ്റിൽ നിന്ന് താഴേക്ക് വീണത്. പകുതി തുറന്നിരുന്ന ലിഫ്റ്റിൽ അപായ സൂചന നൽകാതിരുന്നതാണ് അപകടകാരണം. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി അന്നേദിവസമാണ് ഇലക്ട്രീഷ്യൻ സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തത്. തുടർ അന്വേഷണത്തിന്റെ ഭാഗമായി 29ന് ഇലക്ട്രിക്കൽ സൂപ്പർവൈസർ ജിജിയെയുമ സസ്‌പെൻഡ് ചെയ്തു. അപകടത്തിന് തലേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുവരും ലിഫ്റ്റ് തകരാറിലാണെന്ന് അറിഞ്ഞിട്ടും അത് തുറന്നിട്ടുവെന്നതാണ് കുറ്റം. വിശദമായ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞമാസം 29നാണ് താത്‌കാലിക ജീവനക്കാരായ മൂന്ന് സെക്യൂരിറ്റിമാരെ പിരിച്ചുവിട്ടത്. ബി ബ്ലോക്കിൽ നെറ്റ് പട്രോളിംഗിലുണ്ടായിരുന്ന ഇവർ ലിഫ്റ്റ് തുറന്ന് കിടക്കുന്നത് ശ്രദ്ധിച്ചില്ലെന്ന കാരണത്താലാണ് നടപടിയെടുത്തത്.
ജീവനക്കാരെ നിയോഗിച്ചു,
ചെലവും വഹിക്കും
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതിക്ക് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. എന്നാൽ ആശുപത്രിക്ക് പുറത്ത് ആവശ്യമായിവരുന്ന എല്ലാ ചെലവും ആർ.സി.സി ഏറ്റെടുത്തു. മറ്റു സഹായത്തിനായി ഒരു നഴ്സിംഗ് അസിസ്റ്റന്റിനെ 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയോഗിച്ചു. ഭക്ഷണം ആർ.സി.സിയിൽ നിന്ന് ഉറപ്പാക്കി.