തിരുവനന്തപുരം: നഗരത്തിൽ ഇടയ്ക്കിടെയുണ്ടാകുന്ന തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന അടിയന്തരമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. നഗരത്തിലെ തിരക്കേറിയ വ്യാപാര മേഖലയായ ചാലയിൽ ഇന്നലെ തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ച ശേഷമാണ് മേയർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് നഗരത്തിലെ കെട്ടിടങ്ങളുടെ അഗ്നിസുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടന്നിരുന്നെങ്കിലും പ്രളയവും​ കൊവിഡും എത്തിയതോടെ പരിശോധനകൾ പൂർത്തിയാക്കാൻ കഴിയാതെയായി. കൂടാതെ നഗരത്തിലെ 40 ഇടങ്ങളിൽ ഫയർ ഐഡന്റുകളും പമ്പുകളും സ്ഥാപിക്കാനും അഗ്നിസുരക്ഷാവകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതോടൊപ്പം ഈ പദ്ധതിയും അടിയന്തരമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മേയർ അറിയിച്ചു. ഇതിലേക്കായി അഗ്നിസുരക്ഷാ വകുപ്പിന്റെയും നഗരസഭാ എൻജിനിയറിംഗ് വിഭാഗത്തിന്റെയും സംയുക്തയോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നഗരവാസികൾ കെട്ടിട നിർമ്മാണം നടത്തുമ്പോൾ 2019ലെ മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ ശ്രദ്ധിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.