പാറശാല: കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട് ദുരിതത്തിൽ കഴിയുന്ന പൊഴിയൂരിലെ തീരദേശവാസികളുടെ പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച് അടിയന്തര നടപടികൾക്ക് ആക്കം കൂട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കടൽക്ഷോഭത്തെ തുടർന്ന് കനത്ത നാശനഷ്ടമുണ്ടായ പൊഴിയൂരിലെ തെക്കേ കൊല്ലങ്കോട്, പരുത്തിയൂർ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കുകയും തീരദേശവാസികളുടെ ബുദ്ധിമുട്ടുകൾ ചോദിച്ച് മനസിലാക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ സന്ദർശനം അറിഞ്ഞെത്തിയവർ അദ്ദേഹത്തിന് നിവേദനങ്ങളും നൽകിയിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി. ശ്രീധരൻ നായർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാർജുനൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം പൊഴിയൂർ ജോൺസൺ, മണ്ഡലം പ്രസിഡന്റുമാരായ വി. ഭുവനചന്ദ്രൻ, എ. ലീൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെവിൾസ് മേരി, പഞ്ചായത്ത് അംഗങ്ങൾ, പൊൻവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. റാബി, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡൺസ്റ്റൺ സി. സാബു, മുൻ ജില്ലാ പഞ്ചായത്ത് അംഗം ജോസ് ലാൽ, പരുത്തിയൂർ ഇടവക വികാരി ഫാ. ജോൺ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.
ഫോട്ടോ: പൊഴിയൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരുത്തിയൂർ ഇടവക വികാരി ഫാ. ജോണിനോട് വിവരങ്ങൾ ആരായുന്നു