കോവളം: കൊവിഡ് രോഗികൾക്ക് നൽകിയ പ്രഭാത ഭക്ഷണത്തിൽ ചത്ത പുഴുവിനെ കണ്ടെത്തി. നഗരസഭയുടെ നേതൃത്വത്തിൽ വനിതകൾക്ക് മാത്രമായി വെങ്ങാനൂർ നീലകേശി ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ വിളമ്പിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഇഡലിയും സാമ്പാറും നൽകിയിരുന്നു. ഇതിൽ ഒരു രോഗിക്ക് നൽകിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്. സംഭവത്തെ തുടർന്ന് ഭക്ഷണം ലഭിച്ച സ്ത്രീ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് ആശാവർക്കർ അടക്കമുള്ള ഉദ്യോഗസ്ഥർ കാര്യമറിയുന്നത്.

തുടർന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു.ബി.പി, കൗൺസിലർ സിന്ധു വിജയൻ എന്നിവർ രോഗികൾക്കാവശ്യമായ ദോശയും ചമ്മന്തിയുമെത്തിച്ച് ഭക്ഷണ പ്രശ്‌നം പരിഹരിച്ചു.

സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാവിഭാഗം മൊബൈൽ സ്‌ക്വാഡിലെ ഉദ്യോഗസ്ഥൻ സക്കീർ ഹുസൈൻ സ്ഥലത്തെത്തി. പുഴുവിരുന്ന ഭക്ഷണവും പാത്രങ്ങളും പരിശോധിച്ചു. തുടർന്ന് സെന്റിറിലേക്ക് ഭക്ഷണം തയ്യാറാക്കി നൽകുന്ന കോവളത്തുള്ള കുടുംബശ്രീ യൂണിറ്റിലെത്തിയും പരിശോധിച്ചു. തുടർന്ന് ഭക്ഷണമുണ്ടാക്കി നൽകുന്ന യൂണിറ്റുടമയ്ക്ക് നോട്ടീസ് നൽകി. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മിഷണർ അലക്‌സ് ഐസക്കിന് റിപ്പോർട്ട് നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു