മലയിൻകീഴ്: വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ കൊവിഡ് വർദ്ധിക്കുന്നതിനാൽ പ്രധാന റോഡുകൾ ഒഴികെയുള്ള ഇട റോഡുകളും ഇന്നുമുതൽ അടച്ചിടാൻ സർവകക്ഷിയോഗം തീരുമാനിച്ചു. സർക്കാർ പ്രഖ്യാപിച്ച ഇളവുകളോടെ കടകൾ പ്രവർത്തിക്കും. മലയിൻകീഴ്-പാപ്പനംകോട്, തച്ചോട്ടുകാവ്-മങ്കാട്ട്കടവ് എന്നീ റോഡുകളിൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനമുള്ളൂ. മഹാത്മഗാന്ധി വായനശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ലാലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് വിളവൂർക്കൽ മണ്ഡലം പ്രസിഡന്റ് മലയം രാഗേഷ്, ഐ.എൻ.ടി.യു.സി നേതാവ് മലയം ശ്രീകണ്ഠൻനായർ, ബി.ജെ.പി നേതാവ് വിളവൂർക്കൽ ഉണ്ണി, സി.പി.എം നേതാക്കളായ സജീനകുമാർ, മലയം ഗോപകുമാർ, രവീന്ദ്രൻ, ഹരിഹരൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.