തിരുവനന്തപുരം: ധ്വനി മ്യൂസിക് ക്ളബിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ സംഗീത പ്രേമികളെ ആഘോഷത്തിമിർപ്പിലാക്കി. ധ്വനിയിലെ അംഗങ്ങളും അതിഥികളും ആലപിച്ച ഗാനങ്ങളും വാദ്യോപകരണസംഗീതവും ഓൺലൈനിലൂടെ ആസ്വാദകരിലേക്കെത്തിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ വിവിധ ഭാഷകളിലെ ഗാനങ്ങളാണ് ധ്വനി മ്യൂസിക് ക്ളബ് അംഗങ്ങളും അതിഥികളായെത്തിയവരും ആലപിച്ചത്.

എം.കെ. മുനീർ എം.എൽ.എ, പിന്നണി ഗായകരായ എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ, ഇഷാൻ ദേവ്, ചലച്ചിത്ര സംവിധായകനും നടനുമായ മധുപാൽ, സറീന ഡിസൈനർ ബൂട്ടിക്കിന്റെ ഉടമയായ ഷീല ജെയിംസ് എന്നിവർ പങ്കെടുത്തു. ലോക്ക്ഡൗൺ പരിമിതിക്കുള്ളിൽനിന്ന് ആസ്വാദകർക്ക് സംഗീത വിരുന്നൊരുക്കാൻ ധ്വനിയുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞതായി ധ്വനിയുടെ സാരഥികളിലൊരാളായ ഷീല ജെയിംസ് പറഞ്ഞു. സമൂഹത്തിന്റെ വിവിധമേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ ഒരുകൂട്ടം ആളുകളുടെ സൗഹൃദ കൂട്ടായ്മയാണ് ധ്വനി.