പൊഴുതന: പൊഴുതനയിൽ ജനവാസ കേന്ദ്രമായ പെരിഗൊട സിപ്ലൈൻ പരിസരത്തായി ഇരുപത്തഞ്ചോളം കാട്ടാനകൾ ഇറങ്ങിയത് നാട്ടുകാരിൽ ആശങ്കയുളവാക്കി. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. തുടർന്ന് പ്രദേശവാസികളും വനപാലകരും ചേർന്ന് കാട്ടാനകളെ വനമേഖലയിലേക്ക് തുരത്തി. നാശനഷ്ടമൊന്നുമുണ്ടായിട്ടില്ല. പൊഴുതന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാനശല്യം തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. അനുവദിക്കപ്പെട്ട ഫെൻസിംഗ് ലൈൻ ഇനിയും സ്ഥാപിച്ചിട്ടില്ല. വന്യജീവിശല്യം നിരന്തരം തുടരുന്ന സാഹചര്യത്തിൽ വനം വകുപ്പിനോട് അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ് സെൽഫി പറഞ്ഞു.