മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടി നിയോജകമണ്ഡലത്തിൽ യു.ഡി.എഫിനുണ്ടായ പരാജയം കെ.പി.സി.സി നേതൃത്വം അന്വേഷിക്കണമെന്ന് സ്ഥാനാർത്ഥിയായിരുന്ന പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു.
പാർട്ടിയ്ക്കുള്ളിൽ കൃത്യമായ എതിർപ്രവർത്തനങ്ങൾ നടന്നതായാണ് താഴെത്തട്ടിലെ പ്രവർത്തകർ നൽകുന്ന റിപ്പോർട്ട്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കോൺഗ്രസിനുള്ളിൽ തന്നെയുള്ളവർ എതിരായി പ്രവർത്തിച്ചിട്ടുണ്ട്. അതു കൊണ്ടാണ് വയനാട്ടിലെ രണ്ട് മണ്ഡലങ്ങളിൽ വിജയമുണ്ടായിട്ടും യു.ഡി.എഫിന് മേൽക്കൈയുള്ള മാനന്തവാടിയിലെ പരാജയത്തിന് പ്രധാന കാരണമെന്നും ജയലക്ഷ്മി ചൂണ്ടിക്കാട്ടി.
പ്രചാരണ സമയത്ത് ന്യായ് പദ്ധതിയെക്കുറിച്ചും പ്രകടനപത്രികയിലെ കർഷക കടാശ്വാസ പദ്ധതിയെ കുറിച്ചൊന്നും വോട്ടർമാർക്കിടയിൽ എത്തിക്കാനായില്ല. ഇടതു സർക്കാരിനെ വിമർശിച്ചില്ല. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ എൽ. ഡി.എഫ് സ്ഥാനാർത്ഥിയുടെ സ്തുതിപാഠകരായി മാറിയിരുന്നു. നല്ലൊരു വിഭാഗം യു.ഡി.എഫിന്റെയും സ്ഥാനാർത്ഥിയുടെയും വിജയത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ചപ്പോൾ ചെറിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും നിശബ്ദരായിരുന്നു. പ്രവർത്തിച്ച ഭാരവാഹികളെയും പ്രവർത്തകരെയും അവഹേളിക്കാനും അപമാനിക്കാനുമാണ് ഇപ്പോൾ അവർ ശ്രമിക്കുന്നത്. നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനും കോൺഗ്രസിനെ ശാക്തീകരിക്കുന്നതിനും കെ.പി. സി.സി അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.