വെള്ളമുണ്ട: ദുരിതകാലത്തിന്റെ വരവോടെ ഏക്കറിലേറെ തരിശ് നിലത്ത് കപ്പ നട്ട യുവാക്കളുടെ കൂട്ടായ്മയ്ക്ക് വിളവെടുപ്പിന് നേരമായപ്പോൾ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഈ കൊവിഡ് രണ്ടാംതരംഗ വേളയിൽ വിളഞ്ഞതത്രയും രോഗബാധിതരുടെ കുടുംബങ്ങൾക്ക് പങ്ക് വക്കുന്നതിലൂടെ സഹജീവിസ്നേഹത്തിന്റെ മാതൃക തീർക്കുകയാണ് ഇവർ.
കഴിഞ്ഞ വർഷം ലോക്ക് ഡൗൺ കാലത്ത് ഒന്നരയേക്കറോളം തരിശ് നിലത്താണ് ഭക്ഷ്യസുരക്ഷയുടെ പാഠങ്ങളുരുവിട്ട് മൊതക്കരയിലെ സ്രോതസ് ഇനീഷ്യേറ്റീവ് കപ്പത്തണ്ടുകൾ നട്ടുപിടിപ്പിച്ചത്. നാലര ഏക്കറോളം വരുന്ന നെൽകൃഷിയ്ക്കൊപ്പമായിരുന്നു കപ്പകൃഷിയും. കൊവിഡ് രണ്ടാംഘട്ടത്തിൽ നാടെല്ലാം നിശ്ചലമായപ്പോൾ, വിളവെടുത്ത കപ്പയെല്ലാം അവശതയനുഭവിക്കുന്ന കൊവിഡ് ബാധിതർക്ക് നൽകാൻ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. ആകെ പത്ത് ക്വിന്റലോളം കപ്പ വിളവെടുക്കാനുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
രോഗബാധിതരുള്ള ആദിവാസി സങ്കേതങ്ങളിലേക്ക് ദിവസങ്ങൾ ഇടവിട്ട് ആവശ്യത്തിനനുസരിച്ച് ഇവിടെ നിന്നു കപ്പ എത്തിക്കും. കോളനികളിലേക്കുള്ള കപ്പ സ്രോതസ് ഇനീഷ്യേറ്റീവ് ഭാരവാഹികളിൽ നിന്ന് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം.അനിൽകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
നേരത്തെ കൊവിഡ് സൃഷ്ടിച്ച അടച്ചിടൽ കാലത്തിന്റെ ഒറ്റപ്പെടലിനെ ഈ യുവാക്കൾ മറികടന്നത് മണ്ണിലേക്കിറങ്ങിയാണ്. പാട്ടത്തിനെടുത്ത നലേക്കറോളം തരിശ് ഭൂമി പച്ചപ്പണിഞ്ഞ നെൽപ്പാടമായി. ഇതിന് സമീപം തന്നെ ഒന്നരേയേക്കർ തരിശിടത്ത് കപ്പയുമിട്ടു. സർക്കാർ ജീവനക്കാരും ടൂറിസം സംരംഭകരുമെല്ലാം ഉൾപ്പെട്ടതാണ് സ്രോതസ് ഇനീഷ്യേറ്റീവ്. പതിനഞ്ച് പേരടങ്ങുന്ന കൂട്ടായ്മയിൽ എല്ലാവരും തിരക്കുകളിൽ വ്യാപൃതരായിരുന്നവർ. വയനാട്ടിൽ നിന്ന് തുടങ്ങി കേരളത്തിന്റെ ഇതര വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കർണാടകയിലും മറ്റും ടൂറിസം ബിസിനസ് നോക്കി നടത്തിയിരുന്നവരെല്ലാം ഈ കൂട്ടായ്മയിലേക്ക് ഒരു മടിയുമില്ലാതെ ഇറങ്ങി വന്നു. സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലിയുള്ളവരും അവധി ദിനങ്ങളിൽ ഒപ്പം കൂടി.
പതിനഞ്ച് പേർ ഇറങ്ങി വയൽവരമ്പുകൾ പുനർനിർമ്മിച്ചു. ഉഴുതുമറിച്ച പാടത്ത് കൃഷി ഭവനിൽ നിന്നു ലഭിച്ച നെൽവിത്ത് ഞാറിനായി പാകി. നാലേക്കർ പാടത്ത് നിന്നു 45 ക്വിന്റൽ നെല്ലാണ് ഇവർ കൊയ്‌തെടുത്തത്. യുവാക്കളെയടക്കം പാടത്തേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു കൂട്ടായ്മയ്ക്ക്.