കൽപ്പറ്റ: കൊവിഡ് വ്യാപനം നീണ്ടു പോകുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസത്തിന് പുതു സാദ്ധ്യതകൾ തേടണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം മാർച്ചിൽ പരീക്ഷ പോലും എഴുതാനാവാതെ സ്‌കൂൾ വിട്ട കുട്ടികൾ പിന്നീട് അങ്ങോട്ട് പോയിട്ടില്ല. സ്‌കൂൾ കാണാതെ ഒരു അധ്യയനവർഷം പിന്നിടുമ്പോഴും അനിശ്ചിതത്വം നീളുകയാണ്. സ്‌കൂൾ കേവലം പാഠപുസ്തകത്തിലെ വസ്തുതകൾ മാത്രം പഠിക്കുന്ന ഇടമല്ല. അത് കുട്ടികളുടെ വൈകാരികവും മാനസികവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്ന ഇടം കൂടിയാണ്. കേന്ദ്രീകൃതമായ ഡിജിറ്റൽ ക്ലാസുകളേക്കാൾ കുട്ടികൾ ഇഷ്ടപ്പെടുന്നത് സ്വന്തം അദ്ധ്യാപികരുടെ ക്ലാസുകൾ തന്നെയാണ്. സാദ്ധ്യമായ സാമൂഹ്യമാദ്ധ്യമങ്ങൾ പ്രയോജനപ്പെടുത്തി അദ്ധ്യാപകർ ക്ലാസ്സെടുക്കണം. കൊവിഡ് മാനദന്ധങ്ങൾ പാലിച്ച് നിശ്ചിത എണ്ണം കുട്ടികളെ വിദ്യാലങ്ങളിൽ വരുത്തുന്ന രീതിയും ആലോചിക്കാം.
പാരിസ്ഥിതിക അതിക്രമങ്ങൾ തടയുന്നതിന് സത്വര നടപടികൾ സ്വീകരിക്കുക, വയനാട്ടിൽ സിക്കിൾ സെൽ അനീമിയ അടക്കമുള്ള രോഗങ്ങൾക്കായി ആരംഭിക്കുന്ന ഗവേഷണ ചികിത്സാ കേന്ദ്രത്തിന്റെ നിർമ്മാണം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.കെ ശശിധരൻ പിള്ള സംഘടനാരേഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പി.ആർ മധുസൂദനൻ (പ്രസിഡന്റ് ), കെ.വിശാലാക്ഷി, എം.കെ ദേവസ്യ (വൈസ് പ്രസിഡന്റുമാർ), എം.എം ടോമി (സെക്രട്ടറി), ഡോ.ആർ.എൽ രതീഷ്, അമല എം.ദേവ് (ജോയിന്റ് സെക്രട്ടറിമാർ), പി.കുഞ്ഞികൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.