വെങ്ങപ്പള്ളി: പഞ്ചായത്തിലെ ക്വാറി നടത്തിപ്പുകാരുടെ നിയമലംഘനങ്ങൾ തടയുന്നതിൽ ജില്ലാ കളക്ടറുടെ നിലപാട് നിരാശാജനകമെന്ന് ആക്ഷൻ കമ്മിറ്റി. നിയമലംഘനം ഇനിയും തുടർന്നാൽ കളക്ടറേറ്റ് ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള സമരത്തിന് ആക്ഷൻ കമ്മിറ്റി നേതൃത്വം നൽകുമെന്നു ചെയർമാൻ പി. കുഞ്ഞമ്മദ്, സലീം ബാവ, സി ഷൈജൽ തുടങ്ങിയവർ വ്യക്തമാക്കി.
കൊവിഡ് മാനദണ്ഡങ്ങളുടെ മറവിൽ അനധികൃത സ്‌ഫോടനം നടക്കുന്നുണ്ട്. വൻതോതിൽ മണ്ണ് നീക്കലും തുടരുന്നു. ട്രാൻസിറ്റ് പാസുകളിൽ കൃത്രിമം കാണിച്ചാണിത്. ഇക്കാര്യം ജില്ലാ കളക്ടർ, സബ് കളക്ടർ എന്നിവരെ ഫോണിലൂടെയും മറ്റും വിളിച്ചറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ല.
രേഖയിൽ കൃത്രിമം കാണിച്ച് ലൈസൻസ് നേടിയെടുത്ത ക്വാറികളുമുണ്ട്. ഇത് തെളിവുസഹിതം മാസങ്ങൾക്ക് മുമ്പ് കളക്ടറെ ധരിപ്പിച്ചതാണ്. ഇക്കാര്യത്തിൽ ഇതുവരെ ഒരന്വേഷണവും ഉണ്ടായിട്ടില്ല.
ക്വാറി പ്രദേശത്ത് നിന്നു വ്യാപകമായി മണ്ണ് നീക്കം ചെയ്യുന്നുണ്ട്. അനുവദനീയമായ പരിധിയിലേറെ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഖനന പ്രവൃത്തി തുടരുകയാണ്. ഇക്കാര്യം അധികാരികളെ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ല.
കാലവർഷം ശക്തമായാൽ ക്വാറികൾ താത്ക്കാലികമായി നിറുത്തിവെക്കേണ്ടിവരും. ഇത് മുന്നിൽ കണ്ട് കരിങ്കല്ല് യഥേഷ്ടം സംഭരിക്കാനാണ് ഉടമകളുടെ ശ്രമം. ജനവാസ മേഖലയിൽ ക്വാറി സൃഷ്ടിക്കുന്ന ഭീഷണി കളക്ടറെ നേരിൽ കണ്ട് ആക്‌ഷൻ കമ്മിറ്റി ബോധിപ്പിച്ചിരുന്നു. പൊതുജനങ്ങൾ ഒപ്പിട്ട പരാതി മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ സർക്കാർ നിർദ്ദേശം നൽകിയിട്ടു പോലും നടപടിയുണ്ടായില്ല.