പാലം നവംബറിൽ ഗതാഗതത്തിന് തുറന്നു കൊടുത്തേക്കും
ആലപ്പുഴ : യാത്രക്കാർക്ക് കാഴ്ചയുടെ സൗന്ദര്യം ഒരുക്കുന്ന വലിയഴീക്കൽ പാലം നവംബറിൽ ഗതാഗതത്തിന് തുറന്ന് കൊടുക്കാനാകും വിധം നിർമ്മാണം പുരോഗമിക്കുന്നു. കൊല്ലം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ 29സ്പാനുകളിൽ അവസാന സ്പാനിന്റെ നിർമ്മാണം അടുത്തമാസം 15ന് മുമ്പ് പൂർത്തികരിക്കും. ഇരുവശങ്ങളിലായി 26 ചെറിയ സ്പാനുകളും മദ്ധ്യഭാഗത്ത് ആർച്ചോടുകൂടിയ 110മീറ്ററിന്റെ മൂന്ന് സ്പാനുകളുമാണുള്ളത്.
ആർച്ചിന്റെ നിർമ്മാണം പൂർത്തിയായി. ഇരുകരകളിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണവും പുരോഗമിക്കുന്നു. കൊല്ലം ഭാഗത്തേക്കുള്ള റോഡിന്റെ 80ശതമാനം ജോലി പൂർത്തീകരിച്ചു.ആറാട്ടുപുഴ ഭാഗത്തേക്കുള്ള 100മീറ്റർ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിയുടെ നിർമ്മാണം കടലാക്രമണത്തെത്തുടർന്ന് വൈകുകയാണ്. കൊവിഡിന്റെ രണ്ടാംതരംഗവും ജോലികൾക്ക് തടസമായി. കടലിനും കായംകുളം കായലിനും സമാന്തരമായുള്ള പാലം ടൂറിസ്റ്റുകളെ ആകർഷിക്കും വിധത്തിൽ മനോഹരമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പാലം പൂർത്തിയാകുന്നതോടെ വലിയഴീക്കൽ, അഴീക്കൽ ഗ്രാമങ്ങൾ വിനോദസഞ്ചാര മേഖലയിൽ ഇടംപിടിക്കും. പാലത്തിന്റെ മദ്ധ്യഭാഗത്ത് നിന്ന് നോക്കിയാൽ കടലിലെയും കായലിലേയും കൗതുക കാഴ്ചകൾ കാണാൻ സാധിക്കും. നിലവിൽ കരുനാഗപ്പള്ളിയിൽ നിന്ന് വലിയഴീക്കലിൽ എത്താൻ 25 കിലോമീറ്റർ സഞ്ചരിക്കണമെങ്കിൽ, പാലം വരുന്നതോടെ ഇത് 15 കിലോമീറ്ററായി ചുരുങ്ങും.
തുറമുഖങ്ങളെ ബന്ധിപ്പിക്കും
അഴീക്കൽ, വലിയഴീക്കൽ മത്സ്യബന്ധന തുറമുഖങ്ങളെയും വലിയഴീക്കൽ പാലം ബന്ധിപ്പിക്കും. ദേശീയപാതയിൽ തടസമുണ്ടായാൽ തൃക്കുന്നപ്പുഴ- വലിയഴീക്കൽ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാനുമാകും. 2016 മാർച്ച് നാലിനാണ് പാലത്തിന്റെ നിർമ്മാണംആരംഭിച്ചത്. പാലം പൂർത്തീകരിക്കുന്നതോടെ ചെല്ലാനം-കൊല്ലം തീരദേശ ഹൈവേയുടെ വികസനവും യാഥാർത്ഥ്യമാകും. കായംകുളം മത്സ്യബന്ധന തുറമുഖത്തിന്റെ വികസനത്തിനും വഴിതെളിക്കും
140 : പാലത്തിന്റെ നിർമ്മാണ ചിലവ് 140 കോടി രൂപ
വലിയഴീക്കൽ പാലം
976 മീറ്റർ നീളം, 12മീറ്റർ വീതി
37 മീറ്റർ നീളത്തിൽ 13 സ്പാനുകൾ
12.5 മീറ്ററിന്റെ 13 സ്പാനുകൾ
" നവംബറിൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയും. കാലവർഷവും കൊവിഡിന്റെ രണ്ടാം തരംഗവും നിർമ്മാണ ജോലികൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്.
പൊതുമരാമത്ത് വകുപ്പ് അധികൃതർ