s

ആലപ്പുഴ : ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് പുനർനിർമ്മാണത്തിന്റെ ഭാഗമായി, നിലവിലുള്ള പാലങ്ങൾക്ക് സമാന്തരമായുള്ള നടപ്പാലങ്ങൾ പൊളിച്ചു നീക്കാനുള്ള നടപടികൾ തുടങ്ങി. മങ്കൊമ്പ് പാലത്തിന്റേത് ഉൾപ്പെടെ ഏഴ് പാലങ്ങളുടെ സമാന്തരപാലങ്ങളാണ് പൊളിക്കുക.

പാലങ്ങളുടെ സമീപത്തെ വൈദ്യുതി പോസ്റ്റുകളും കുടിവെള്ള പൈപ്പുകളും മാറ്റി സ്ഥാപിക്കുന്ന ജോലികളും ആരംഭിച്ചു. കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തിയുള്ള എ.സി റോഡ് പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ, കൊവിഡ് വ്യാപനവും പ്രതികൂല കാലാവസ്ഥയും ജോലികൾ തടസപ്പെടുത്തി. 649.76 കോടി രൂപ ചിലവ് വരുന്ന പദ്ധതി മുൻ മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് തയ്യാറാക്കിയത്.

റോഡ് നിർമ്മാണത്തിന് തടസമായിട്ടുള്ള 750ൽ അധികം മരങ്ങൾ മുറിച്ചു മാറ്റേണ്ടതുണ്ട്. മരങ്ങൾ മുറിച്ചു മാറ്റാൻ വനംവകുപ്പിന്റെ ആലപ്പുഴ ഡിവിഷൻ ടെണ്ടർ നടത്തിയെങ്കിലും ലേലത്തിൽ ആരുംപങ്കെടുക്കാത്തതിനാൽ പുനർ ലേലം 14ലേക്ക് മാറ്റി. 30 മാസംകൊണ്ട് റോഡ് നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം.

649.76 : എ.സി റോഡ് പുനർനിർമ്മാണത്തിന്റെ ചിലവ് 649.76 കോടി

സമയത്ത് പൂർത്തികരിക്കും

കൊവിഡിനെ തുടർന്ന് മന്ദഗതിയിലായ നിർമ്മാണ ജോലികൾ വേഗത്തിലാക്കാനും പ്രഖ്യാപിച്ച സമയത്തിനുള്ളിൽ പൂർത്തീകരിക്കാനും കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇ.പി.സി (എൻജിനിയറിംഗ് പ്രൊക്വയർമെന്റ് കോൺട്രാക്ട്) മാതൃകയിലാണ് നിർമ്മാണം. കെ.എസ്.ടി.പിക്കാണ് നിർമ്മാണ മേൽനോട്ടം. 24.14കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ എ-സി റോഡിലെ ഗതാഗതം ഏത് കാലാവസ്ഥയിലും സുഗമമാകുന്നതിനൊപ്പം സൗന്ദര്യാത്മകവുമാകും.

മൂന്ന് നിർമ്മാണ രീതികൾ

ഉയർന്ന ജലനിരപ്പ് അടിസ്ഥാനമാക്കി റോഡ് ഉയർത്താൻ 20 കി.മീറ്റിറിൽ മൂന്ന് തരം നിർമ്മാണ രീതികളാണ് ഉപയോഗിക്കുന്നത്. 2.9 കിലോമീറ്റർ ബി.എം.ബി.സി ചെയ്ത് റോഡ് ഉയർത്തും. 8.27 കി.മി. ജീയോടെക്സ്റ്റൈൽ ലെയർ കൊടുത്ത് മെച്ചപ്പെടുത്തും. ഒമ്പതു കി.മി ജിയോഗ്രിഡും കയർ ഭൂവസ്ത്രത്താൽ എൻകേസ് ചെയ്ത സ്റ്റോൺകോളവും ഉപയോഗിച്ചു ബലപ്പെടുത്തും.