s

ലൈറ്റ് ഹൗസുകൾ വിനോദ സഞ്ചാരമേഖലയുടെ ഭാഗമാക്കും

കൊച്ചി: ആയിരക്കണക്കിന് കടൽയാനങ്ങൾക്ക് വഴികാട്ടിയ ആലപ്പുഴയിലെ മൂന്ന് ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാകും.ആലപ്പുഴ, മനക്കോടം, വലിയഴീക്കൽ ലൈറ്റ്ഹൗസുകളാണ് വിനോദ സഞ്ചാരത്തിന്റെ ഭാഗമാകുക. രാജ്യത്തെ 65 ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. സംസ്ഥാനത്തെ ഒമ്പത് ലൈറ്റ്ഹൗസുകൾ പട്ടികയിലുണ്ട്.

പൊതുമേഖലാ - സ്വകാര്യ പങ്കാളിത്തത്തിലാണ് (പി.പി.പി) പദ്ധതി. ലൈറ്റ് ഹൗസുകളിലെ സൗകര്യങ്ങൾ വിപുലീകരിച്ചും സ്ഥലം വിനിയോഗിച്ചും സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. ലൈറ്റ് ഹൗസുകളോട് ചേർന്ന സ്ഥലം സംരംഭകർക്ക് വിട്ടുനൽകും. പൈതൃകത്തിന് യോജിച്ച വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കാം. നിശ്ചിതകാലത്തേക്ക് നടത്തിപ്പ് ചുമതല സംരംഭകർക്ക് നൽകും. പ്രവേശനത്തിന് ഈടാക്കുന്ന ഫീസിൽ നിശ്ചിതവിഹിതം കേന്ദ്ര സർക്കാരിന് നൽകണമെന്നാണ് വ്യവസ്ഥ.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയം പദ്ധതിക്ക് പങ്കാളികളെ തേടി താല്പര്യപത്രം ക്ഷണിച്ചു.

ആലപ്പുഴ ലൈറ്റ്ഹൗസ്

സ്ഥിതി ചെയ്യുന്നത് നഗരത്തിൽ

നിർമ്മാണം 1862 ൽ

സിലിണ്ടർ ആകൃതി

30 മീറ്റർ ഉയരം

30.5 കിലോമീറ്റർ ദൂരത്തു നിന്ന് ടവറിലെ വെളിച്ചം കാണാം.

മനക്കോടം ലൈറ്റ്ഹൗസ്

ചേർത്തല അന്ധകാരനഴിയിൽ

33.8 മീറ്റർ ഉയരവും ചതുരാകൃതിയും

1979 ആഗസ്‌റ്റ് ഒന്നു മുതൽ പ്രവർത്തനം

വലിയഴീക്കൽ ലൈറ്റ് ഹൗസ്

ആറാട്ടുപുഴയിൽ

38 മീറ്റർ ഉയരം

20 നോട്ടിക്കൽ മൈൽ വരെ സിഗ്‌നൽ

2018 മേയിൽ നിർമ്മാണം തുടങ്ങി

പൈതൃക സൂചകങ്ങൾ

കടൽ സഞ്ചാരികൾക്ക് വഴികാട്ടിയായതിന് പുറമേ ചരിത്രത്തിന്റെയും കപ്പലോട്ട പാരമ്പര്യത്തിന്റെയും സൂചകങ്ങളാണ് ലൈറ്റ് ഹൗസുകൾ. ചരിത്ര പ്രാധാന്യമുളള ലൈറ്റ് ഹൗസുകളെ വിനോദസഞ്ചാരവുമായി ബന്ധിപ്പിച്ച് വിദേശരാജ്യങ്ങൾ നേട്ടം കൊയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, സ്‌കോട്ട്‌ലാൻഡ്, യു.കെ., ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ലൈറ്റ് ഹൗസ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആ വഴിയിലേക്കാണ് കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ.

കപ്പലോട്ടത്തിൽ നാലായിരം വർഷത്തെ പൈതൃകമുള്ള ഇന്ത്യയിലേയ്ക്ക് വിദേശ സഞ്ചാരികളെ ആകർഷിക്കാനും ലൈറ്റ് ഹൗസ് ടൂറിസം സഹായിക്കും. ഇലക്ട്രോണിക് സംവിധാനങ്ങൾ വ്യാപകമായതോടെ പ്രാധാന്യം കുറഞ്ഞിട്ടുണ്ടെങ്കിലും ലൈറ്റ് ഹൗസുകൾ വലിയ പൈതൃകങ്ങളാണ്.

ഐ.സി.ആർ. പ്രസാദ്

ലൈറ്റ് ഹൗസ് ചരിത്രകാരൻ