supplyco

 റേഷൻ കിറ്റുകൾ തയ്യാറാക്കാൻ ജീവനക്കാരുടെ തത്രപ്പാട്

ആലപ്പുഴ: അവധി ദിനങ്ങളും മറ്റ് അസൗകര്യങ്ങളും പരമാവധി അകറ്റിനിറുത്തി കിറ്റ് നിറയ്ക്കുന്ന തത്രപ്പാടിലാണ് സപ്ളൈകോ ജീവനക്കാർ. റേഷൻ വിതരണത്തിനായി ഒരു മേഖലയിലെ കടകൾക്കു വേണ്ടി 1,500 മുതൽ 2,500 കിറ്റുകൾ വരെയാണ് പ്രതിമാസം തയ്യാറാക്കി എത്തിക്കുന്നത്.

ജില്ലയിൽ ആലപ്പുഴ, ഹരിപ്പാട്, ചേർത്തല, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് സപ്ളൈകോ ഡിപ്പോകൾ ഉള്ളത്. കൊവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ തുടങ്ങിയ ഭക്ഷ്യക്കിറ്റ് തയ്യാറാക്കലിന് കൊവിഡ് 'സഹായം' മൂലം ഇപ്പോഴും മുടക്കം വന്നിട്ടില്ല. സ്ഥിരം ജീവനക്കാർക്ക് പുറമേ താത്കാലികക്കാരെയും ഉൾപ്പെടുത്തിയാണ് കിറ്റ് തയ്യാറാക്കുന്നത്. ഇതിൽ കുടുംബശ്രീ അംഗങ്ങളും പങ്കാളികളാണ്. വാഹന സൗകര്യമോ ലോക്ക്ഡൗണിൽ പ്രത്യേക പരിഗണനയോ ലഭിക്കാതെ ജോലി ചെയ്യുന്ന ഇവരാണ് നിശ്ചിത തീയതികളിൽ ഓരോ പഞ്ചായത്ത് പരിധിയിലെയും റേഷൻ കടകൾ മുഖേനയുള്ള വിതരണത്തിനായി കിറ്റുകൾ ഒരുക്കുന്നത്.

എണ്ണ, മഞ്ഞൾ, മുളക്, ചായപ്പൊടി തുടങ്ങിയ കുറച്ചു വിഭവങ്ങളൊഴികെ അരി, പഞ്ചസാര, പയർ, കടല തുടങ്ങി ബഹുഭൂരിഭാഗം സാധനങ്ങളും തൂക്കി കവറുകളിലാക്കി കിറ്റിൽ നിറയ്ക്കുന്ന ഭാരിച്ച ജോലിയാണ് ഇവരുടേത്. നിറയ്ക്കുന്ന കിറ്റുകളുടെ അടിസ്ഥാനത്തിലാണ് താത്കാലികക്കാരുടെ കൂലി. വിതരണ തീയതി നിശ്ചയിച്ച ശേഷമാകും മിക്കവാറും സാധനമെത്തുക. അതിനാൽ ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ജോലി ചെയ്യണം. മിക്ക ദിവസവും രാവിലെ തുടങ്ങുന്ന ജോലി പൂർത്തിയാക്കി വീട്ടിലെത്തുമ്പോൾ രാത്രിയാവും. ഇതിന് പുറമെയാണ് വിദ്യാലയങ്ങൾക്കും മറ്റുമായി സ്‌പെഷ്യൽ കിറ്റുകളുടെ തയ്യാറാക്കേണ്ട ചുമതലയും തലയിലേറുന്നത്.

 ഒരു കിറ്റ് നിറയ്ക്കാൻ......1.65 രൂപ

കേന്ദ്രങ്ങളുടെ എണ്ണം

 ആലപ്പുഴ...........27

 ചേർത്തല.........24

 ഹരിപ്പാട്............20

 മാവേലിക്കര.....17

....................


മേയിലെ കിറ്റ് വിതരണം

 സൗജന്യ കിറ്റുകൾ......1,54,603

 എ.എ.വൈ (മഞ്ഞ കാർഡ് ) .......32,579

 മുൻഗണന വിഭാഗം (വെള്ള കാർഡ് )......98,400

 സബ്സിഡി വിഭാഗം .........14,122

 നോൺ സബ്സിഡി വിഭാഗം... 9,502

.............................................

ആലപ്പുഴയിൽ ഓരോ ഡിപ്പോയുടെയും കീഴിലെ ജീവനക്കാരാണ് കിറ്റുകൾ തയ്യാറാക്കുന്നത്. അവരാണ് കിറ്റുകൾ നിറച്ച് റേഷൻ കടകളിൽ എത്തിക്കുന്നത്. മേയ് മാസത്തെ കിറ്റ് വിതരണം പൂർത്തിയാകാറായി. ശബരി ഉത്പന്നങ്ങളും മറ്റ് കമ്പനി ഉത്പന്നങ്ങളും കിറ്റിലുണ്ട്. കിറ്റ് പാക്കിംഗിന് താത്കാലിക ജോലിക്കാരെ എടുത്തിട്ടുണ്ട്. സമയബന്ധിതമായി കിറ്റ് വിതരണം പൂർത്തിയാക്കാൻ അവധി ദിവസവും ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്

(സപ്ലൈകോ റീജിയണൽ ഓഫീസ് അധികൃതർ)