അക്ഷയ സെന്ററുകളി​ൽ തി​രക്ക് കുറവ്

ആലപ്പുഴ : ലോക്ക് ഡൗൺ ഇളവി​നെത്തുടർന്ന് അക്ഷയ സെന്ററുകൾ തുറന്നെങ്കി​ലും വി​രലി​ലെണ്ണാവുന്ന ഉപഭോക്താക്കൾ മാത്രമേ എത്തുന്നുള്ളൂ. രാവിലെ 9 ന് തുറന്ന ജില്ലയിലെ അക്ഷയ സെന്ററുകളിലൊക്കെയും നല്ലൊരു പങ്ക് സമയവും വെറുതെയിരിക്കുകയാണ് ജീവനക്കാർ. പൊതുവെ നല്ല തിരക്ക് അനുഭവപ്പെടാറുള്ള സെന്ററുകളിൽ പോലും ഉഭോക്താക്കൾ എത്തുന്നത് അപൂർവ്വമായി മാത്രം. ആധാർ കാർഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കെന്ന പോലെ ഫോൺ ബിൽ, ഇലക്ട്രിസിറ്റി ബിൽ തുടങ്ങിയവ അടയ്ക്കാനായാണ് കൂടുതൽ പേരും എത്തിയത്. അക്ഷയ നടത്തിപ്പുകാർ കർശനമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഒരേ സമയം നാലിൽ കൂടുതലാളുകളെ സെന്ററി​ന് അകത്ത് പ്രവേശിപ്പിക്കാനും പാടി​ല്ല. സെന്ററിന്റെ പ്രവർത്തനത്തിന് രണ്ടു സ്റ്റാഫ് മാത്രമേ പാടുള്ളൂവെന്നുമുണ്ട്. പൊതുജനങ്ങൾക്ക് അടിയന്തരാവശ്യങ്ങൾക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനും വില്ലേജ് ഓഫീസിൽ നിന്നുൾപ്പെടെ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് അക്ഷയ കേന്ദ്രങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ധാരണയായത്.

4 : ഒരേ സമയം നാലു പേർക്ക് മാത്രമേ അക്ഷ സെന്ററിൽ അനുമതിയുള്ളൂ

'' അക്ഷയ സെന്ററുകൾ തുറന്നെങ്കിലും ആളുകൾ എത്തുന്നില്ല. പലരും മൊബൈൽ സേവം ഉപയോഗിക്കുകയാണ്. സുരക്ഷിതമായാണ് അക്ഷയ സെന്ററുകൾ പ്രവർത്തിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ആളുകൾ എത്തുമെന്ന പ്രതീക്ഷയാണ്. പല അക്ഷയ സെന്ററുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്

(രഞ്ചു,അക്ഷയ കേന്ദ്രം ജീവനക്കാരി)