ചേർത്തല: ആര്യ, ഐശ്വര്യ, ആദർശ്, അദൃശ്യ... ഒറ്റ പ്രസവത്തിലെ നാൽവർ സംഘം ഇന്നലെ പിതാവ് ശശികുമാറിന്റെ മൊബൈൽ ഫോണിലൂടെ പള്ളിക്കൂടത്തിലെ ഒന്നാം ക്ളാസ് കണ്ടുപഠിച്ചു. വീടിനടുത്തുള്ള ഉഴുവ ഗവ. യു.പി സ്‌കൂളിലാണ് ഇവർ ചേർന്നത്.
ചേർത്തല പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുതിയകാവ്
ശാന്തിനികേതനിൽ ശശികുമാറിന്റെയും അജിതയുടെയും മക്കളാണ് നാലുപേരും. ആദ്യ ഭാര്യ മരിച്ച് പത്ത് വർഷത്തിന് ശേഷം 57-ാം വയസിലാണ് ശശികുമാർ കണ്ണൂർ സ്വദേശി 47കാരി അജിതയെ വിവാഹം കഴിക്കുന്നത്. കുട്ടികൾ ജനിക്കുമ്പോൾ ശശികുമാറിന് പ്രായം 62. ഗർഭസമയത്ത് അജിതയെ സ്‌കാൻ ചെയ്തപ്പോൾ മൂന്ന് കുട്ടികളെയാണ് കണ്ടത്. പ്രസവ ശസ്ത്രക്രിയ നടക്കുമ്പോഴാണ് ഒരു കുഞ്ഞു കൂടി ഉണ്ടെന്ന് ഡോക്ടർമാർ അറിയുന്നത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് തുടക്കം മുതൽ കാണിച്ചിരുന്നത്. സാധാരണ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിച്ചത്. അവിടെ മൂന്ന് കുട്ടികളെ പരിചരിക്കാനുള്ള ഇൻകുബേറ്റർ ഇല്ലാത്തതിനാൽ അജിതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. 2015 ഡിസംബർ 8നായിരുന്നു ജനനം. അഞ്ച് തവണ സ്‌കാൻ ചെയ്തിട്ടും അദൃശ്യമായിരുന്ന കുഞ്ഞിന് ആ സന്തോഷത്താലാണ് അദൃശ്യ എന്ന് പേരിട്ടത്.
ചേർത്തല വടാത്തോടത്ത് പാരമ്പര്യ വിഷവൈദ്യ കുടുംബാംഗമാണ് ശശികുമാർ. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനായ പി. കൃഷ്ണപിള്ളയെ ചികിത്സിച്ച കുടുംബമാണിത്.