ആലപ്പുഴ: മൺസൂൺകാലമെത്തിയതോടെ, ജൈവകർഷകർക്ക് ഭീഷണി​യായി​ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വർദ്ധി​ച്ചു. ചേന,ചേമ്പ്,പയർ,ഇഞ്ചി,വെണ്ട,ചീര,മഞ്ഞൾ,പപ്പായ,കപ്പ,പുളി,വാഴ തുടങ്ങിയവയുടെ ഇലകൾ ഇവ തിന്ന് തീർക്കുന്നത് കൃഷി​നാശത്തി​നി​ടയാക്കും. ആഫ്രി​ക്കൻ ഒച്ചുകളുടെ ആക്രമണം രൂക്ഷമായതോടെ ഇവയെ നശി​പ്പി​ക്കാൻ തദ്ദേശസ്ഥാപനങ്ങൾ മാർഗം കാണണമെന്നാണ് കർഷകരുടെ ആവശ്യം.

ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിദ്ധ്യം കൂടുതൽ. ചമ്പക്കുളം,മാരാരിക്കുളം,കഞ്ഞിക്കുഴി, തണ്ണീർമുക്കം പഞ്ചായത്തുകളിൽ ഇവയുടെ ശല്യം രൂക്ഷമാണ്. കാത്സ്യം ലഭിക്കാൻ കോൺക്രീറ്റ് നിർമ്മിത വസ്തുക്കളിൽ ഇവ പറ്റിപ്പിടിച്ചിരിക്കും. കട്ടിയുള്ള തോടുകളാണ് ആഫ്രിക്കൻ ഒച്ചിനുള്ളത്. രൂക്ഷമായ ദുർഗന്ധവും ഇവയിൽ നിന്ന് വമിക്കും. വേനലിൽ സുഷുപ്താവസ്ഥയിൽ പ്രവേശിക്കുന്ന ഒച്ചുകൾ മഴക്കാലം വരുന്നതോടെയാണ് സജീവമാകുന്നത്. 500 ൽപരം വിവിധ ഇനം സസ്യങ്ങളെ ആഫ്രിക്കൻ ഒച്ചുകൾ നശിപ്പിക്കുമെന്നാണ് പഠനങ്ങൾ സൂചി​പ്പി​ക്കുന്നത്.

വൈകിട്ട് അഞ്ചിന് ശേഷം മണ്ണിനടിയിൽ നിന്ന് കൂട്ടത്തോടെ പുറത്തിറങ്ങുന്ന ഇവ കൃഷിയിടങ്ങളിലുണ്ടാക്കുന്ന നാശം ചെറുതല്ല. ഉപ്പിട്ടാണ് നിലവിൽ ഇവയെ തുരുത്തുന്നത്. 2018 ലെ പ്രളയത്തിന്‌ശേഷമാണ് ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണി വ്യാപകമായത്.

ആഫ്രിക്കൻ ഒച്ചുകൾ

 നീളം: 20 സെ.മീ

 തൂക്കം: 200-300 ഗ്രം

 ആയുർദൈർഘ്യം: 5-7 വർഷം

.

ഒച്ചുകളെ തുരത്താൻ

 100 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കൃഷിയിടത്തിന് ചുറ്റും മണ്ണിൽ തളിക്കുക.

 ഭിത്തിയിലും വീടുകളിലും പറ്റിപിടിച്ചിരിക്കുന്നവയെ നശിപ്പിക്കാൻ 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുക.

 325 ഗ്രാം പുകയില ഒന്നര ലിറ്റർ ലിറ്റർ വെള്ളത്തിൽ 10 മിനിട്ട് ഇട്ട് തിളപ്പിക്കുക. 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചശേഷം രണ്ട് ലായനികളും ഒന്നിച്ച് ചേർത്ത് സ്‌പ്രേ ചെയ്യുക.