കായംകുളം : ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് രണ്ടു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും തിരുവല്ലയിൽ എത്തിച്ച് അഗ്നിരക്ഷാസേനയുടെ മാതൃക.

ബ്ലാക്ക് ഫംഗസ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കായംകുളം സ്വദേശിയുടെ ചികിത്സയ്ക്കായി ആന്റിഫംഗൽ ഇൻജക്ഷനുള്ള ഒന്നേകാൽ ലക്ഷം രൂപയോളം വിലവരുന്ന മരുന്നാണ് കായംകുളം അഗ്നി രക്ഷാ സേന തിരുവല്ലയിലെ ആശുപത്രിയിൽ രണ്ട് ദിവസം മുൻപ് എത്തിച്ചത്.

അഡ്വ. യു. പ്രതിഭ എം.എൽ.എ അഗ്നിരക്ഷാസേന ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടതി​നെതുടർന്ന് അടിയന്തിരമായി മരുന്ന് എത്തിക്കുന്നതിന് ജില്ലാ ഓഫീസർ കെ.ആർ അഭിലാഷ് കായംകുളം കേന്ദ്രത്തിൽ നിർദേശം നൽകുകയായി​രുന്നു. തിരുവനന്തപുരം ടീം ആറ്റിങ്ങൽ അഗ്നി രക്ഷ നിലയത്തിൽ എത്തിച്ച മരുന്ന് അവിടെ നിന്നും കൊല്ലം ടീം വാങ്ങി കൊല്ലത്ത് എത്തിക്കുകയും തുടർന്ന്‌ കായംകുളം ടീം മരുന്ന് വാങ്ങി തിരുവല്ല സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.