s

വരുമാനമില്ലാതെ ലോട്ടറി വില്പനക്കാർ

ആലപ്പുഴ: ലോക്ക് ഡൗണിൽ വരുമാനമാർഗമടഞ്ഞതോടെ സംസ്ഥാനത്തെ ലോട്ടറി വില്പനക്കാർ കടുത്ത പ്രതിസന്ധിയിൽ. കൊവിഡ് രണ്ടാം തരംഗത്തെത്തുടർന്നാണ് കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകൾ സർക്കാർ നറുക്കെടുപ്പ് റദ്ദാക്കിയത്.

ക്ഷേമനിധി അംഗങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച ധനസഹായവും ഇക്കാലയളവിൽ ലഭിച്ചിട്ടില്ലെന്ന് ലോട്ടറി വില്പനക്കാർ പറയുന്നു. ആദ്യ ലോക്ക് ഡൗണിന് ശേഷം ലോട്ടറി വിൽപ്പന പുനരാരംഭിച്ചിരുന്നെങ്കിലും, ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിരുന്നു. വിൽപ്പന മൂന്നിലൊന്നായി കുറഞ്ഞിരുന്നതായി മൊത്തക്കച്ചവടക്കാർ പറയുന്നു.

മദ്യം കഴിഞ്ഞാൽ സ‌ർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന മേഖലയാണ് ലോട്ടറി. മുമ്പ് പതിവായി കൂടുതൽ എണ്ണം ടിക്കറ്റ് എടുത്തിരുന്നവർ പോലും വരുമാനത്തിലുണ്ടായ ഇടിവും തൊഴിൽ നഷ്ടവും മൂലം കഴിഞ്ഞ കുറച്ചുനാളുകളായി ലോട്ടറിയോട് മുഖംതിരിച്ചിരുന്നു. ടിക്കറ്റ് വില 40 രൂപയിൽ നിന്ന് കുറയ്ക്കാത്തതും തിരിച്ചടിയായി. സംസ്ഥാനത്ത് വഴിയോരങ്ങൾ കേന്ദ്രീകരിച്ച് ലോട്ടറിയുടെ ചില്ലറ വിൽപ്പന നടത്തിയിരുന്നവ‌ർ മാത്രം രണ്ടുലക്ഷത്തിലധികം പേരുണ്ടെന്നാണ് കണക്ക്. ഇതിൽ ഏറെപ്പേർക്കും ക്ഷേമനിധി അംഗത്വം പോലുമില്ല. അശരണരും വികലാംഗരുമാണ് ലോട്ടറി വിതരണത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരിൽ ഏറിയ പങ്കും. ജി.എസ്.ടി ഉൾപ്പെടെ അടച്ചാണ് അവർ ഏജൻസികളിൽ നിന്ന് ടിക്കറ്റ് വാങ്ങുന്നത്. വിറ്റുപോകാതെ മിച്ചം വരുന്ന ടിക്കറ്റുകൾ ഇവരുടെ നഷ്ടക്കണക്കിൽപ്പെടും. 40 രൂപയുടെ ടിക്കറ്റിന് അഞ്ച് രൂപയാണ് കമ്മിഷനായി ലഭിക്കുക. നികുതി കൂടിയപ്പോൾ കമ്മിഷൻ കുറയുകയായിരുന്നു.

കമ്മിഷൻ (40 രൂപയുടെ ഒരു ടിക്കറ്റിന്)

ഏജൻസിക്ക്........ ₹ 6.40

വ്ല്പനക്കാർക്ക്.....₹5

ഏജന്റുമാരുടെ ആവശ്യം

നറുക്കെടുപ്പ് പുനരാരംഭിക്കണം

കമ്മീഷൻ വർദ്ധിപ്പിക്കണം

സമ്മാനഘടനയിൽ കാര്യമായ മാറ്റം വരുത്തണം

ചെറിയ സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണം

ടിക്കറ്റ് വില 30 ആയി നിജപ്പെടുത്തണം

''അശരണരായ ജനവിഭാഗം തൊഴിലെടുക്കുന്ന മേഖലയാണ് ലോട്ടറി വിൽപ്പന. നിലവിലെ സ്ഥിതി ദയനീയമാണ്. നറുക്കെടുപ്പ് പുനരാരംഭിച്ചാൽ മാത്രമേ ഞങ്ങൾക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ

- ചെല്ലമ്മ പുഷ്പൻ,

ലോട്ടറി വില്പനക്കാരി