s

ആലപ്പുഴ: ആലപ്പുഴ വലിയ ചുടുകാടിന് സമീപത്തെ നിർദ്ദിഷ്ട ഗവ. ആയുർവേദ പഞ്ചകർമ്മ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണം തടസപ്പെടുത്തിയതിന് പിന്നിൽ ടൂറിസം ലോബികൾക്കും പങ്കെന്ന് ആരോപണം. അത്യാധുനിക സൗകര്യങ്ങളോടെ സർക്കാർ വിലാസത്തിൽ സൂപ്പർ സ്പെഷ്യലിറ്റി ആയുർവേദ ആശുപത്രി സഫലമായാൽ, ആയുർവേദ ചികിത്സയുടെ പേരിൽ ടൂറിസ്റ്റുകളെ പിഴിയുന്ന അനധികൃത സ്വകാര്യ ചികിത്സാ സ്ഥാപനങ്ങൾക്ക് പൂട്ടു വീഴുമെന്നതാണ് ലോബികളെ ആശങ്കപ്പെടുത്തുന്നത്.

ഹൗസ്ബോട്ട് ടൂറിസത്തിന്റെ വികാസത്തോടൊപ്പം ജില്ലയിൽ ആലപ്പുഴ നഗരവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള ഹോം സ്റ്റേകളോടനുബന്ധിച്ച് മസാജിംഗ് പാർലറുകളും ആയുർവേദ ചികിത്സാ കേന്ദ്രങ്ങളും കൂണുപോലെ മുളപൊട്ടിയിരുന്നു. വിദേശികളായ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഇവയിൽ പലതും പൊന്തിവന്നത്. ഇതിൽ അംഗീകാരത്തോടെ പ്രവർത്തിക്കുന്നവ നാമമാത്രമാണ്. സൂപ്പർ സ്പെഷ്യാലിറ്റി പഞ്ചകർമ്മ ആശുപത്രി നിലവിൽ വരുമ്പോൾ, അലോപ്പതി മേഖലയിലെ മെഡിക്കൽ കോളേജ് ആശുപത്രിക്കു സമാനമായ ഗെറ്റപ്പോടെയാവും പ്രവർത്തനം. അതുകൊണ്ടുതന്നെ വിദേശികളും ആഭ്യന്തര ടൂറിസ്റ്റുകളും ഇവിടേക്ക് ആകർഷിക്കപ്പെടുമെന്നതിൽ സംശയമില്ല. സൂപ്പർ സ്പെഷ്യാലിറ്റി ആയുർവേദ ചികിത്സാ സൗകര്യമുൾപ്പെടെ ചൂണ്ടിക്കാട്ടിയാൽ സംസ്ഥാന ടൂറിസം വകുപ്പിനും അത് നേട്ടമാകും.

വിവിധ രാജ്യങ്ങളിൽ നിന്നായി പ്രതിവർഷം ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ആലപ്പുഴയിൽ [കൊവിഡിനു മുമ്പ്] എത്തിയിരുന്നത്. ഇവരിൽ ഭൂരിഭാഗവും ആയുർവേദ ചികിത്സ തേടിയ ശേഷമാണ് മടങ്ങുന്നത്. ഹൗസ്ബോട്ട് ടൂർ ബുക്ക് ചെയ്യുമ്പോൾത്തന്നെ ആലപ്പുഴയിലെ ആയുർവേദ കേന്ദ്രങ്ങളിലെ ചികിത്സ അടക്കം പാക്കേജായിട്ടാണ് ടൂർ ഓപ്പറേറ്റർമാർ നൽകുന്നത്. ചികിത്സയ്ക്ക് വിധേയമാകുന്ന സ്ഥാപനങ്ങൾക്ക് അംഗീകാരമുണ്ടോ എന്നത് ടൂറിസ്റ്റുകൾ അത്രകണ്ട് അന്വേഷിക്കാറില്ല. സംസ്ഥാനത്തിന്റെ ആയുർവേദ പാരമ്പര്യത്തിനു തന്നെ കളങ്കമുണ്ടാക്കും വിധം പ്രവർത്തിക്കുന്ന വ്യാജ സ്ഥാപനങ്ങളിലും ടൂറിസ്റ്റുകൾ എത്തിച്ചേരാറുണ്ട്.

പലിശ സഹിതം തിരിച്ചടയ്ക്കണം

പഞ്ചകർമ്മ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കായി കേന്ദ്ര ആയുഷ് മന്ത്രാലയം സംസ്ഥാന സർക്കാരിന് രണ്ടാം ഗഡുവായി നൽകിയ രണ്ടു കോടി രൂപ ചെലവഴിക്കാതിരുന്നതിനാൽ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയത്തിൽ നിന്ന് സർക്കാരിന് കത്ത് ലഭിച്ചു. ഏഴു വർഷം മുമ്പാണ് രണ്ടു കോടി അനുവദിച്ചത്. 2012ൽ മൊത്തം അഞ്ചു കോടിയാണ് അനുവദിച്ചത്. ആദ്യ ഗഡുവായി നൽകിയ രണ്ടു കോടി മാത്രമാണ് ചെലവഴിച്ചത്. ശേഷിച്ച രണ്ടുകോടിയാണ് തിരിച്ചടയ്ക്കേണ്ടത്. വലിയചുടുകാട് ജംഗ്ഷന് സമീപം നഗരസഭ ഏറ്റെടുത്തു നൽകിയ 60 സെന്റിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ പാതിയോളമെത്തിയപ്പോൾ നിലയ്ക്കുകയായിരുന്നു. 15 0രോഗികളെ കിടത്തിചികിത്സിക്കുന്ന ആശുപത്രിയാണ് വിഭാവനം ചെയ്തിരുന്നത്.

നിർദ്ദേശം പുകയായി

2015 ജനുവരിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കാനായിരുന്നു കരാർ. ഹിന്ദുസ്ഥാൻ ഫ്രീ ഫാബ്‌സ് ലിമിറ്റഡാണ് കരാറെടുത്തത്. 2014ൽ തൂണുകളുടെയും ആദ്യനിലയുടെയും കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചു. ആദ്യ ഗഡുവായി ലഭിച്ച 2 കോടി കൊണ്ട് പൈലിംഗ്, 159 തൂണുകൾ, കെട്ടിടത്തിന്റെ അടിത്തറ, സ്ലാബുകൾ എന്നിവ പൂർത്തിയാക്കി. നാല് മാസം കൊണ്ട് നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കണമെന്ന് കരാർ ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ഫ്രീ ഫാബ്‌സ് ലിമിറ്റഡിന് ഉന്നതാധികാര സമിതി നിർദേശം നൽകിയെങ്കിലും മൂന്ന് മാസം പിന്നിട്ടിട്ടും കെട്ടിടത്തിനുള്ളിലെ കാടുപോലും വെട്ടിമാറ്റിയിട്ടില്ല.

.