നിർമ്മാണ പുരോഗതി ഉദ്യോഗസ്ഥസംഘം വിലയിരുത്തി
അമ്പലപ്പുഴ: കടലേറ്റം രൂക്ഷമായ അമ്പലപ്പുഴ, കാട്ടൂർ മേഖലകളിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ടുകളുടെ നിർമ്മാണം ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ഇന്നലെ ഉച്ചയോടെ എത്തിയ ഉദ്യോഗസ്ഥർ നിർമ്മാണ പ്രവർത്തനത്തിൽ സംതൃപ്തി രേഖപ്പെടുത്തി.
ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ നിയോജകമണ്ഡലങ്ങളിലായി കിഫ്ബിയുടെ ധനസഹായത്തോടെ 11.41 കിലോമീറ്റർ ദൂരത്തിൽ ടെട്രാപ്പോഡ് കവചത്തോടുകൂടി 114 പുലിമുട്ടുകളാണ് ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇന്‍ഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ നിർമ്മിക്കുന്നത്.
രണ്ടു ടണ്ണും അഞ്ചു ടണ്ണും വീതം ഭാരമുള്ള രണ്ടുതരം ടെട്രാപോഡുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ജൂലായ് മാസത്തിലാണ് ഇവയുടെ നിർമ്മാണ ചുമതല കെ.ഐ.ഐ.ഡി.സിക്ക് ലഭിച്ചത്. കരിങ്കല്ലിനു മുകളിൽ കോൺക്രീറ്റ് കൊണ്ടുള്ള ടെട്രാപോഡുകൾ കവചമായി നിരത്തി നിർമ്മിക്കുന്ന പുലിമുട്ടുകൾ കടലാക്രമണം തടയാൻ ഏറെ ഫലപ്രദമാണ്. കരിങ്കല്ല് ലഭ്യമാകുന്നതിനനുസരിച്ച് കൂടുതൽ പുലിമുട്ടുകൾ വേഗത്തിൽ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് കെ.ഐ.ഐ.ഡി.സി.
കടലാക്രമണം തടയാൻ ടെട്രാപോഡ് സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
കെ.ഐ.ഐ.ഡി.സി സി.ഇ.ഒ എസ്.തിലകൻ, ചീഫ് എൻജിനീയർ ടെറൻസ് ആന്റണി, ജനറൽ മാനേജർ ജോസഫ് സ്‌കറിയ, ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൺ ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.