അമ്പലപ്പുഴ: പ്രളയത്തിന്റെ മറവിൽ കരിമണൽ ഖനനം നടത്തി തീരദേശ ജനതയെ വഴിയാധാരമാക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് അഖില കേരള ധീവരസഭ സംസ്ഥാന നിർവ്വാഹക സമിതി അംഗവും അമ്പലപ്പുഴ താലൂക്ക് പ്രസിഡൻറുമായ കെ.പ്രദീപ് ആവശ്യപ്പെട്ടു.കരിമണൽ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ധീവരസഭ അമ്പലപ്പുഴ -കാർത്തികപ്പള്ളി താലൂക്ക് കമ്മറ്റി ഭാരവാഹികൾ ഖനന മേഖലയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി അനിൽ ബി.കളത്തിൽ അദ്ധ്വക്ഷത വഹിച്ചു.അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി ആർ.സജിമോൻ, വി.വിപിൻ പൂത്തോപ്പ്, കെ.ആർ.റജി , സുനിൽ ദത്ത്, ശ്യാം ശശി, തുടങ്ങിയവർ സംസാരിച്ചു.ഖനന മേഖലയിലേക്ക് പ്രകടനമായി എത്തിയ ധീവരസഭ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു. സമരത്തെ തുടർന്ന്‌ൻ രണ്ടു മണിക്കൂറോളം വാഹനത്തിൽ മണ്ണ് കൊണ്ട് പോകാൻ കഴിഞ്ഞില്ല. ഇതിനിടയിൽ കടൽത്തീരത്ത് ധീവരസഭ പ്രവർത്തകർ കൊടികുത്തി.