ചേർത്തല: ജാതി, മത ഭേദമെന്യേ നല്കുന്ന നികുതിപ്പണം ആനുകൂല്യമായി വിഹിതം വച്ചെടുക്കുന്നതിലെ തർക്കം മാത്രമാണ് സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾ തമ്മിലുള്ളതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോടതി ഇടപ്പെട്ടതുകൊണ്ടാണ് പൊതുജനം ഇത് അറിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘം നിർദ്ധനരായ കുടുംബങ്ങളിലെ അരലക്ഷം വിദ്യാർത്ഥികൾക്ക് ഒരുകോടിയിലധികം രൂപയുടെ സഹായ ഹസ്തമൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു വെള്ളാപ്പള്ളി.
മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ കോർപറേഷൻ ഉണ്ടാക്കി സഹായിക്കാൻ ഇരുമുന്നണികളും രംഗത്തുണ്ട്. ഈഴവരുൾപ്പെടെയുള്ളവരുടെ ഉന്നമനത്തിനായി രൂപീകരിച്ച പിന്നാക്കക്ഷേമ വകുപ്പ് നോക്കുകുത്തിയാണ്. വോട്ട് ബാങ്കായ മതശക്തികളെയെല്ലാം തൃപ്തിപ്പെടുത്തിയാണ് മുന്നണികളുടെ പ്രവർത്തനം. കോടിക്കണക്കിന് രൂപ ആനൂകൂല്യമായി മുന്നാക്ക സമുദായം കൈപ്പറ്റുമ്പോൾ കിറ്റിലും പെൻഷനിലും തൃപ്തിയടഞ്ഞ് ഒതുങ്ങി ജീവിക്കുകയാണ് പിന്നാക്കക്കാരൻ. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ മുന്നണികൾ പരസ്പരം മത്സരിക്കുന്നു. ഭരണവും സ്വത്തും വ്യവസായവും കൈയടക്കിയ ഇവരാണ് ഭരണചക്രം നിയന്ത്രിക്കുന്നത്.
വനിതാ സംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, വനിതാസംഘം കോ-ഓർഡിനേറ്ററും യോഗം കൗൺസിലറുമായ ബേബി റാം, വൈസ് പ്രസിഡന്റ് ഷീബ, ഭാരവാഹികളായ ശൈലജ രവീന്ദ്രൻ, സുമംഗല, രാധാമണി, യൂണിയൻ തല വനിതാസംഘം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥൻ സ്വാഗതവും ഗീതാമധു നന്ദിയും പറഞ്ഞു.
ശാഖാതലത്തിൽ 10 കുട്ടികൾക്ക് വീതമാണ് സഹായങ്ങൾ നൽകുക. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് നെറ്റ് സൗകര്യം റീചാർജ് ചെയ്തു കൊടുത്തും പഠനോപകരണങ്ങൾ നൽകിയുമാണ് വനിതാസംഘം മാതൃകയാകുന്നത്.