ambala

അമ്പലപ്പുഴ : പുറമ്പോക്കിലെ ഷെഡ് കത്തിനശിച്ചതു മൂലം തെരുവിൽ അന്തിയുറങ്ങിയിരുന്ന 64 കാരി റഹ്മാബീവിക്ക് പുന്നപ്ര ശാന്തി ഭവൻ അഭയമേകി. ആലപ്പുഴ ഗുരുമന്ദിരം വാർഡിൽ റഹ്മാ ബീവി താമസിച്ചിരുന്ന ഷെഡ് ഒരു മാസം മുമ്പാണ് അഗ്നിക്കിരയായത്. തുടർന്ന് റഹ്മാ ബീവിയുടെ ജീവിതം തെരുവിലേക്ക് മാറി. തെരുവിൽ അന്തിയുറങ്ങിയിരുന്ന റഹ്മാ ബീവി ശാരീരിക അവശത മൂലം കഴിഞ്ഞ 18 ദിവസമായി ആലപ്പുഴ കടപ്പുറം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും നോക്കുവാൻ ആളില്ലാതിരുന്നതുമൂലം ആലപ്പുഴ നഗരസഭ ഗുരുമന്ദിരം വാർഡ് കൗൺസിലർ രമ്യ സുർജിത്ത്, സി.പി.എം കുതിരപ്പന്തി ലോക്കൽ കമ്മറ്റി സെക്രട്ടറി എ.പി. സോണ എന്നിവർ ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനുമായി ബന്ധപ്പെടുകയായിരുന്നു.തുടർന്ന് ആൽബിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എഫ്.ഐ മുല്ലയ്ക്കൽ മേഖല പ്രസിഡന്റ് ശിവശങ്കർ, സൗത്ത് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി.കെ.ഫൈസൽ എന്നിവർ ഡി.വൈ.എഫ്.ഐയുടെ സ്നേഹവണ്ടിയിൽ റഹ്മ ബീവിയെ ശാന്തി ഭവനിൽ എത്തിച്ചു. ശാന്തിഭവനിൽ ഇപ്പോൾ 160 ഓളം അന്തേവാസികളുണ്ട്. കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ സുമനസുകളുടെ സഹായം നിലച്ചിരിക്കുകയാണെന്ന് ബ്രദർ മാത്യു ആൽബിൻ പറഞ്ഞു.