ഹരിപ്പാട് : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുതുകുളം സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 731ന്റെ പ്രവർത്തനങ്ങൾ നാടിന് ആശ്വാസമാകുന്നു. സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി മുതുകുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ഒരു ഓക്സിജൻ കോൺസെൻട്രേറ്റർ, വാക്സിനേഷനായി എത്തുന്നവർക്ക് ഇരിക്കാൻ 25 കസേരകൾ എന്നിവ വാങ്ങി നൽകി. ഓക്സിജൻ കോൺസെൻട്രേറ്റർ, കസേരകൾ തുടങ്ങിയവ മുതുകുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.എസ്.തനുജയ്ക്ക് ബാങ്ക് പ്രസിഡന്റ് ബി.വേലായുധൻതമ്പി, സെക്രട്ടറി എൻ.സുഭാഷ് കുമാർ എന്നിവർ ചേർന്ന് കൈമാറി. ഭരണസമിതി അംഗം റീന ഷാജി, സഫല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.എസ്.അജിത്കുമാർ, എസ്.എസ്.സുനിൽ, വി.എം.ഷാജി, സുരേന്ദ്രലാൽ എന്നിവർ പങ്കെടുത്തു. കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബാങ്കിലെ എ ക്ലാസ് അംഗങ്ങൾക്കും സഫല വി.വി.വി ക്ലബ്ബിന്റെനേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഗ്രാമലക്ഷ്മി സ്വയം സഹായ സംഘാംഗങ്ങൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വാക്സിൻ ചലഞ്ചിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകി.
നാലായിരത്തോളം സൗജന്യ മാസ്ക്കുകൾ പൊതുജനങ്ങൾക്കായി വിതരണം ചെയ്തു. ആദ്യഘട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുതുകുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് രണ്ടു തെർമൽ സ്കാനർ വാങ്ങി നൽകി. സർക്കാർ പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെയും സാമൂഹിക പ്രതിബദ്ധതയുടേയും ഭാഗമായി 2018 ലെ പ്രളയ കാലത്തു 5,00,000 രൂപയും, പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ചെറുതന വില്ലേജിൽ മാടശ്ശേരി കോളനിയിൽ മധുവിന്റെ വീട് നിർമ്മാണത്തിന് സർക്കാർ വിഹിതത്തിനു പുറമെ 2,24,268 രൂപയും, 2019ലെ പ്രളയത്തിൽ 2,34,602 രൂപയും, കൊവിഡ് 19 ഒന്നാം ഘട്ടത്തിൽ 2,75,000 രൂപയും ഉൾപ്പടെ അഞ്ചുതവണകളായി 14,33,870 രൂപ ബാങ്ക് സംഭാവന നൽകി. പ്രളയകാലത്തു 20 ലക്ഷത്തോളം രൂപയുടെ അവശ്യസാധനങ്ങൾ ദുരിത ബാധിതർക്ക് എത്തിച്ചു നൽകി. ദുരിതകാലത്തെ സാമ്പത്തികപ്രതിസന്ധിക്കു പരിഹാരമായി ബാങ്ക് അംഗങ്ങൾക്കും ഗ്രൂപ്പംഗങ്ങൾക്കുമായി നാലരകോടിയിൽപ്പരം രൂപയുടെ കൊവിഡ് വായ്പകളും വിതരണം ചെയ്തു.