താറാവുകൾക്ക് തീറ്റ നൽകാൻ പോലും മാർഗമില്ല

ആലപ്പുഴ : പക്ഷിപ്പനിക്കു പിന്നാലെ കൊവിഡ് ഭീഷണിയുമെത്തിയതോടെ കുട്ടനാട്,അപ്പർ കുട്ടനാട് മേഖലയിലെ താറാവ് കർഷകരുടെ ജീവിതം വഴിമുട്ടി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ താറാവുകൾക്ക് തീറ്റ കൊടുക്കാനും താറാവിനെ നോക്കാൻ നിറുത്തിയിരിക്കുന്ന തൊഴിലാളികൾക്ക് വേതനം നൽകാനും മാർഗമില്ലാതെ വിഷമിക്കുകയാണ് കർഷകർ.

2012, 2014, 2016,2021 വർഷങ്ങളിലാണ് പക്ഷിപ്പനി മൂലം പതിനായിരക്കണക്കിനു താറാവുകൾ ചത്തത്. 2018-ലെ പ്രളയത്തിൽ താറാവുകൾ ഒഴുകിപ്പോയും കൂട്ടിൽ കിടന്നവ ചത്തും വൻനഷ്ടം സംഭവിച്ചു. വളരെ തുച്ഛമായ തുകയാണ് നഷ്ടപരിഹാരമായി ലഭിച്ചതെന്ന് താറാവ് കർഷകർ പറയുന്നു . രണ്ട് മാസം മുമ്പ് പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോൾ രോഗലക്ഷണം ഇല്ലാത്ത താറാവുകളെയും കൊന്നൊടുക്കിയതോടെ നഷ്ടം സഹിക്കാൻ വയ്യാതെ കർഷകരിൽ പലരും താറാവ് വളർത്തലിൽ നിന്ന് പിൻവാങ്ങിയിരുന്നു.

മുട്ട ഇടുന്ന താറാവിന് ചെമ്മീൻ തലയാണ് പ്രധാന തീറ്റ. പീലിംഗ് കേന്ദ്രങ്ങളിൽ നിന്നാണ് ഇവ എത്തിച്ചിരുന്നത്. എന്നാൽ, ലോക്ക് ഡൗണിൽ പീലിംഗ് കേന്ദ്രങ്ങൾ അടച്ചതോടെ ഇതിന്റെ വരവ് നിലച്ചു. ഒരു മുട്ടത്താറാവിന് 150-180ഗ്രം വരെ തീറ്റ വേണ്ടി വരും. താറാവുകൾ തിന്നുന്ന ചെറിയ കക്കയും കിട്ടാത്ത അവസ്ഥയാണ്. തീറ്റയ്ക്കു ക്ഷാമം വന്നതോടെ താറാവുകളിൽ മുട്ട ഉത്പാദനം പകുതിയിലേറെ കുറഞ്ഞു.

തീറ്റ ക്ഷാമം

നെല്ല്, ഗോതമ്പ്, അരി എന്നിവയാണ് താറാവുകൾക്ക് തീറ്റ നൽകിയിരുന്നത്. ലോക്ക് ഡൗണിനു മുമ്പ് കറവൽ അരി കിലോഗ്രാമിന് 13-14 രൂപ നിരക്കിൽ കടകളിൽ സുലഭമായി ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴതും കിട്ടാതായി. രാവിലെയും ഉച്ചയ്ക്കും അരിയാണു താറാവുകൾക്ക് കൊടുത്തിരുന്നത്.

ചെലവ്

 1000 താറാവിന് ഒരു തവണ വേണ്ട അരി .....120 കി.ഗ്രാം

 50 കിലോ അരിയുടെ വില ................ ₹1600-2000

 ഒരു പെട്ടി ചെമ്മീൻ തലയ്ക്ക്...... .. ₹ 250-300

വാക്സിൻ സൗജന്യമില്ല

താറാവ് കുഞ്ഞുങ്ങൾക്ക് 28 ദിവസം പ്രായമാകുമ്പോൾ എടുക്കേണ്ട വാക്സിനുകൾ മാത്രമേ കർഷകർക്ക് സൗജന്യമായി ലഭിക്കുകയുള്ളൂ. മറ്റ് വാക്സിനുകൾ പണം മുടക്കി വാങ്ങണം. സാംക്രമിക രോഗങ്ങളായ താറാവ് വസന്ത,ഡക്ക് കോളറ എന്നിവക്കെതിരെ പ്രതിരോധ കുത്തിവയ്പ് നൽകണം.

താറാവ് കർഷകർ ദുരിതത്തിലാണ്. താറാവുകൾക്ക് തീറ്റ നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. പാടങ്ങളിൽ വെള്ളം കയറ്റിയതിനാൽ കൂട്ടിൽ ഇട്ടാണ് വളർത്തുന്നത്. മൃഗസംരക്ഷണ വകുപ്പ് എന്തെങ്കിലും ധനസഹായ പാക്കേജ് പ്രഖ്യാപിക്കണം.

- കുട്ടപ്പൻ,താറാവ് കർഷകൻ,തകഴി