ചേർത്തല: തൈക്കൽ ഒ​റ്റമശേരിയിലെ കടലാക്രമണത്തിന് താത്കാലിക പരിഹാരമാകാൻ കരിങ്കല്ല് ഇറക്കുന്നതിന് രണ്ടാമത് ക്ഷണിച്ച് ടെൻഡറിലും ആരും പങ്കെടുത്തില്ല. തുടർന്ന് മൂന്നാമതും ടെൻഡർ ക്ഷണിച്ചു. ഒ​റ്റമശേരിയിൽ വിവിധ ഭാഗത്തായി വീടുകൾക്ക് ഗുരുതരഭീഷണി നേരിടുന്ന 60 മീ​റ്റർ പ്രദേശത്ത് കരിങ്കല്ലിറക്കി കടൽഭിത്തി സ്ഥാപിക്കുന്നതിനാണ് ഇറിഗേഷൻ വകുപ്പ് ടെൻഡർ ക്ഷണിച്ചത്. 9 ലക്ഷം രൂപയുടെതാണ് പദ്ധതി. സർക്കാർ കല്ലിന് നൽകുന്ന വില കുറവാണെന്ന കാരണത്താലാണ് കരാറുകാർ പങ്കെടുക്കാത്തത്. കല്ലിന്റെ വില വർദ്ധിപ്പിക്കാൻ സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. ഇതിന് ഇറിഗേഷൻ വകുപ്പ് സർക്കാരിലേക്ക് ശുപാർശ നൽകി. മൂന്നാമത്തെ ടെൻഡറിലും ആരും പങ്കെടുത്തില്ലെങ്കിൽ ക്വട്ടേഷനിലൂടെ പ്രവൃത്തി ഏൽപ്പിച്ച് താത്കാലിക സംരക്ഷണം ഒരുക്കാനുള്ള നീക്കത്തിലാണ് അധികൃതർ.