ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ 5,6 തീയതികളിൽ സമ്പൂർണ ശുചീകരണ യജ്ഞവും ഡ്രൈ ഡേയും പൊതുജന പങ്കാളിത്തത്തോടെ ആചരിക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് മഴക്കാലപൂർവ ദുരന്ത നിവാരണ സമിതി യോഗത്തിൽ അറിയിച്ചു.
അടിയന്തിര സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനം ,കൊവിഡ് പോസിറ്റീവ്, ക്വാറന്റൈനിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കേണ്ടിവന്നാൽ കൈക്കൊള്ളേണ്ട നടപടികൾ,പൊതു-സ്വകാര്യഇടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റുന്നത്,വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ, കടൽ കയറ്റം ഉണ്ടായാൽ കൈക്കൊള്ളേണ്ട നടപടികൾ, കഴിഞ്ഞ ചുഴലിക്കാറ്റിൽ തകർന്ന വീടുകളുടെ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങി മഴക്കാല സാഹചര്യങ്ങളെ നേരിടാനുള്ള സമഗ്ര പദ്ധതി തയ്യാറാക്കി.
നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ബാബു ,ആർ.വിനീത ബീന രമേശ്, എ.ഷാനവാസ്,ബിന്ദുതോമസ് ,അമ്പലപ്പുഴ താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ ജി.സന്തോഷ്മുനിസിപ്പൽ സെക്രട്ടറി നീതുലാൽ,എൻജിനീയർ ആർ എസ് അനിൽ,ഹെൽത്ത് ഓഫീസർ വർഗീസ് കെ.പി എന്നിവർ പങ്കെടുത്തു.