s

ആലപ്പുഴ : ജില്ലയ്ക്ക് ധനമന്ത്രിയെ നഷ്ടമായെങ്കിലും മുൻകാല ബഡ്ജറ്റിന്റെ തുട‌ർച്ച രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം ബഡ്ജറ്റിലുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ആലപ്പുഴ. ആലപ്പുഴയ്ക്കായി പ്രഖ്യാപനങ്ങൾ വാരിവിതറുന്നതായിരുന്നു മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ അവസാനത്തെ രണ്ട് ബഡ്ജറ്റുകളും. തനിയാവർത്തനമെന്ന് പഴികേട്ടെങ്കിലും ജില്ലയ്ക്ക് ആശ്വാസത്തിന് ഏറെ വകയുണ്ടായിരുന്നു. രണ്ടാം കുട്ടനാട് പാക്കേജ്, ഹോംകോ, കെ.എസ്.ഡി.പി, ഓട്ടോകാസ്റ്റ്, തണ്ണീർമുക്കം ബണ്ട്, കേരള ബോട്ട് റേസ് ലീഗ് തുടങ്ങിയ പതിവ് ഇനങ്ങൾ ഇത്തവണയും ബഡ്ജറ്റ് പുസ്തകത്തിൽ ആവർത്തിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെഗാ ടൂറിസം പദ്ധതി, മൊബിലിറ്റി ഹബ്ബ്, കടൽപ്പാല നവീകരണം തുടങ്ങി പ്രഖ്യാപനത്തിൽ ഒതുങ്ങിപ്പോയ പദ്ധതികളും പുത്തൻ കുപ്പായത്തിൽ വീണ്ടുമെത്തിയേക്കും.

പൈതൃക പദ്ധതിയടക്കം ആരംഭിച്ച പദ്ധതികളുടെ വേഗത്തിലുള്ള പൂർത്തീകരണവും കടലാക്രമണം തടയാനും, വെള്ളപ്പൊക്കം നിയന്ത്രിച്ച് കുട്ടനാടിന്റെ പുനരുജ്ജീവനത്തിനുമുള്ള പദ്ധതികളുമാണ് ആലപ്പുഴക്കാർ‌ പ്രതീക്ഷിക്കുന്നത്.

വരണം ഇൻഫെക്ഷ്യസ് ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ട്

സംസ്ഥാന വൈറോളജി ലാബിനെ പകർച്ചവ്യാധി പഠനത്തിന്റെ ആസ്ഥാനമാക്കി മാറ്റാൻ പ്ലാനിംഗ് ബോർഡ് കഴിഞ്ഞ സ‌‌ർക്കാരിന് നി‌ർദേശം നൽകിയിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് എന്ന പേരിൽ വിപുലീകരിക്കാനാണ് ശുപാർശ. സമഗ്ര നവീകരണം ലക്ഷ്യമിട്ട് 2019 - 20 ബഡ്ജറ്റിൽ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ പിന്നാലെ വന്ന പ്രളയത്തിന്റെ കുത്തൊഴുക്കിൽ പ്രഖ്യാപനം ജലരേഖയായി. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മാതൃകയിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഇൻഫെക്ഷ്യസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. കൊവിഡിന്റെ അതീവ ഗുരുതര സാഹചര്യത്തിൽ ഇൻഫെക്ഷ്യസ് ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ടിന് ബഡ്ജറ്റിൽ ഇടം ലഭിക്കുമെന്നാണ് ആരോഗ്യ രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത്. വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ മൂലമുണ്ടാകുന്ന പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം, ഗവേഷണം, രോഗ നിയന്ത്രണം എന്നിവയാകും കേന്ദ്രത്തിന്റെ ജോലികൾ. ഭാവിയിൽ വരാൻ സാദ്ധ്യതയുള്ള രോഗങ്ങളെ മുൻകൂട്ടി അറിയാനും ഉപകാരപ്പെടും.

കെ.എസ്.ഡി.പി വിപുലീകരിക്കണം

കഴിഞ്ഞ ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ കെ.എസ്.ഡി.പിയിലെ കാൻസ‌ർ മരുന്ന് പാർക്ക് കാലതാമസം കൂടാതെ യാഥാ‌ർത്ഥ്യമാക്കേണ്ടതുണ്ട്. സ‌ർക്കാർ ആശുപത്രികൾക്കാവശ്യമായ അവശ്യമരുന്നുകൾ മുഴുവൻ ലഭ്യമാക്കാൻ കഴിയുന്നവിധം സ്ഥാപനത്തെ വിപുലപ്പെടുത്താനുള്ള നിർദേശങ്ങളും പ്രഖ്യാപനങ്ങളും ബഡ്ജറ്റിൽ ഉണ്ടാവേണ്ടതാണ്.

സേവ് കുട്ടനാട്

നവമാദ്ധ്യമങ്ങളിൽ അടുത്തകാലത്തായി ഏറെ പ്രചരിക്കുന്ന ഹാഷ് ടാഗാണ് സേവ് കുട്ടനാട്. മന്ത്രിമാരുടേതടക്കം ജനപ്രതിനിധകളുടെ പേജുകളിൽ കാമ്പയിനുമായി നിരവധിപ്പേർ പ്രത്യക്ഷപ്പെടുന്നുണ്ട്. പരാജയപ്പെട്ട ആദ്യ കുട്ടനാട് പാക്കേജും, ആവർത്തിക്കപ്പെടുന്ന പ്രളയ ഭീഷണിയും സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാടിന്റെ നിലനിൽപ്പിന് ഭീഷണിയാവുകയാണ്. കാമ്പയിന് ഏറെ സ്വീകാര്യത ലഭിച്ച പശ്ചാത്തലത്തിൽ കുട്ടനാടിന്റെ നിലനിൽപ്പിന് സഹായകമാകുന്ന പ്രഖ്യാപനങ്ങളും ബഡ്ജറ്റിൽ ഇടം പിടിക്കുമെന്ന് പ്രതീക്ഷയുണ്ട്.