തുടർച്ചയായ രണ്ടാംവർഷവും സ്കൂൾ വിപണി പൊളിഞ്ഞു

ആലപ്പുഴ: പുത്തൻബാഗും കുടയും ഷൂസുമൊന്നുമില്ലാതെ ബുക്കും പേനയും പെൻസിലുമായി മൊബൈൽഫോണിനു മുന്നിലിരുന്ന് മക്കൾ പഠിക്കുന്നതു കാണുമ്പോൾ അദ്ധ്യയന വർഷാരംഭ ചെലവ് പാതിയിൽ താഴെയായി ചുരുങ്ങിയതിലുള്ള ആശ്വാസത്തിലാണ് രക്ഷിതാക്കൾ. എന്നാൽ മറുവശത്താവട്ടെ, എല്ലാവർഷവും സ്കൂൾ പ്രവേശനത്തുടക്കത്തിൽ പഠന സാമഗ്രികളുടെ കച്ചവടത്തിലൂടെ ആ വർഷത്തിന് അടിത്തറയിട്ടിരുന്ന ആയിരക്കണക്കിന് വ്യാപാരികൾ അങ്കലാപ്പിലാണ്.

വിട്ടൊഴിയാത്ത കൊവിഡ് ആശങ്ക മൂലം ഭൂരിഭാഗം വ്യാപാരികളും ഇക്കുറി പുത്തൻ സ്റ്റോക്കെടുത്തില്ല. പഴയവ വിറ്റുപോകാതെ കടകളിലിരുന്ന് പൊടിപിടിക്കുകയാണ്. ഇളവ് ലഭിക്കുന്ന ദിനങ്ങളിൽ കടക്കാരെത്തി ഇവ വൃത്തിയാക്കി പോകുന്നതൊഴിച്ചാൽ മറ്റൊന്നും നടക്കുന്നില്ല. മുംബയ്, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് യൂണിഫോം തുണികൾ എത്തുന്നത്. ചെരുപ്പിന് പ്രധാനമായും ബംഗളുരുവിലെ കച്ചവടകേന്ദ്രങ്ങളാണ് ആശ്രയം. ബാഗും കുടയും കേരളത്തിൽ തന്നെ ആവശ്യത്തിന് ഉത്പാദിപ്പിക്കുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നൽകുന്ന ഓർഡർ അനുസരിച്ച് മാർച്ച് അവസാനത്തോടെ സ്റ്റോക്ക് കടകളിലെത്തുന്നതായിരുന്നു പതിവ് രീതി. കഴിഞ്ഞ വർഷം ഓർഡർ നൽകിയെത്തിച്ച സാധനങ്ങളാണ് ഇപ്പോഴും പല സ്ഥാപനങ്ങളിലും സ്റ്റോക്ക് പൊട്ടിക്കാതെ സൂക്ഷിച്ചിരിക്കുന്നത്.

ഈർപ്പവും പൂപ്പലും

ഇതിനിടെ കാലവ‌ർഷത്തിന്റെ വരവ് വെള്ളപ്പൊക്കത്തിന് വഴിവെയ്ക്കുമോ എന്ന ആശങ്കയും കച്ചവടക്കാരിലുണ്ട്. വെള്ളം കടയ്ക്കുള്ളിൽ കയറുന്ന സാഹചര്യമുണ്ടായാൽ കനത്ത നഷ്ടമുണ്ടാവും. സ്കൂൾ അദ്ധ്യയനം ആരംഭിച്ച് ആദ്യ ദിനങ്ങൾ പിന്നിടുമ്പോൾ ബുക്ക്, പേന, പെൻസിൽ, പേപ്പർ, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയ ഇനങ്ങൾ മാത്രമാണ് വിറ്റുപോകുന്നത്. സ്റ്റോക്കുള്ള യൂണിഫോം തുണിത്തരങ്ങളിൽ ഈർപ്പവും പൂപ്പലും ആക്രമണം തുടങ്ങി. കൊവിഡ് ഭീഷണി ഒഴിയുമ്പോൾ ഇവയുടെ അവസ്ഥ എന്തായിരിക്കുമെന്ന് പറയാനും കഴിയില്ല.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് സ്കൂളിൽ പോകാനുള്ള അനുബന്ധ സാധനങ്ങൾ വാങ്ങേണ്ടി വരുന്നില്ലെന്നത് വലിയ ആശ്വാസമാണ്. കുട്ടികൾ സ്കൂളിൽ പോയി പഠിക്കുന്നത് തന്നെയാണ് നല്ലത്. കൊവിഡ് വ്യാപനം വേഗം കെട്ടടങ്ങട്ടെ. അതോടെ വരുമാനവും ലഭ്യമാകും. പിന്നെ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുണ്ടാവില്ല

കെ.സുധീഷ്, രക്ഷിതാവ്

രണ്ട് വർഷമായി സ്കൂൾ വിപണി വട്ടപ്പൂജ്യമാണ്. സ്റ്റോക്കെല്ലാം പൂപ്പൽ പിടിച്ച് തുടങ്ങി. എത്രയും വേഗം രോഗം കെട്ടടങ്ങി സ്കൂളുകൾ പുനരാരംഭിച്ചാലെ ഞങ്ങളുടെ ബുദ്ധിമുട്ട് മാറൂ

ഷിഹാബ് മുഹമ്മദ്, വ്യാപാരി