ambala
കാർത്തിക മുറിച്ചെടുത്ത തലമുടിയുമായി

അമ്പലപ്പുഴ : ജന്മദിനത്തിൽ കാൻസർ ബാധിതർക്കായി തലമുടി മുറിച്ചു നൽകി യുവതി. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് ഏഴാം വാർഡിൽ ദ്വാരകയിൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി - അമ്പിളി ദമ്പതികളുടെ മകൾ കാർത്തികയാണ് തന്റെ 24-ാം ജന്മദിനത്തിൽ കാൻസർ രോഗികൾക്ക് സാന്ത്വനവുമായെത്തിയത്.

മുൻകാലങ്ങളിൽ അനാഥാലയങ്ങളിലും ആതുരാലയങ്ങളിലുമായിരുന്നു കാർത്തിക ജന്മദിനം ആഘോഷിച്ചിരുന്നത്. 2018ലെ പ്രളയ കാലത്തും കൊവിഡിന്റെ ഒന്നാം തരംഗത്തിലും കാർത്തിക സന്നദ്ധ പ്രവർത്തനവുമായി സജീവമായി രംഗത്തുണ്ടായിരുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും ഏവിയേഷനിൽ ഡിപ്ലോമയും ഉള്ള കാർത്തിക അഗ്നിരക്ഷാസേന വിഭാഗത്തിന്റെ സിവിൽ ഡിഫൻസിൽ പൊലീസിനൊപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരികയാണ് ഇപ്പോൾ. അച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി കരുമാടി കാമപുരം കാവ് ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഏക സഹോദരൻ ആരോമൽ ഡിഗ്രി വിദ്യാർത്ഥിയാണ്. കാർത്തികയെ വി.എച്ച് പി.ജില്ലാ സെക്രട്ടറി എം.ജയകൃഷ്ണൻ അനുമോദിച്ചു. വി.എച്ച്.പി പ്രഖണ്ഡ് സെക്രട്ടറി എൻ.വിജയകുമാർ, ഗ്രാമ പഞ്ചായത്തംഗം വീണാ ശ്രീകുമാർ ,ദുർഗാ വാഹിനി പ്രഖണ്ഡ് സഹ സംയോജിക ശ്രീക്കുട്ടി, ബീനാ കൃഷ്ണ കുമാർ, ശശികല തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.