വള്ളികുന്നം: അണുവിമുക്തമാക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി സുരക്ഷാ മാനദണ്ഡത്തെ ചൊല്ലി വാർഡ് മെമ്പറും ജാഗ്രതാ സമിതി അംഗങ്ങളും തമ്മി​ലുണ്ടായ തർക്കം സംഘർഷത്തി​ൽ കലാശി​ച്ചു. വാർഡ് മെമ്പർ ഉൾപ്പെടെ 6 പേർക്കു മർദ്ദനമേറ്റെന്ന് പരാതി​. പരി​ക്കേറ്റ വാർഡ് മെമ്പർ പി.കോമളൻ, ജാഗ്രതാ സമിതി അംഗങ്ങളായ ദീപാ ഉദയൻ ,പ്രവീൺ എന്നിവരെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുവിമുക്തമാക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മുത്താര രാജ്, അനീഷ,ഹംസ എന്നിവർ കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലും ചികിത്സ തേടി. കൊവിഡ് അതിരൂക്ഷമായ കടുവിനാൽ ഒൻപതാം വാർഡിലെ മേലാത്തറ കോളനി അണുവിമുക്തമാക്കുന്നതിനോട് ബന്ധപ്പെട്ടാണ് സംഭവം . സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്തു.