എടത്വ: സൈക്കിൾ വാങ്ങാനായി പണം ശേഖരിച്ചു വച്ചിരുന്ന കുടുക്ക ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയ ആര്യയുടെ ആഗ്രഹം പോലെതന്നെ പുതുപുത്തൻ സൈക്കിൾ ഇനി സ്വന്തം.
കൊവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിനായി സൗഹൃദ വേദി എന്ന സംഘടന ആരംഭിച്ച അകലെയാണെങ്കിലും നാം അരികിലുണ്ട് പദ്ധതിതിയിലേക്കാണ്, സ്‌കൂൾ തുറക്കുമ്പോൾ സൈക്കിൾ വാങ്ങാൻ കരുതിവെച്ച സമ്പാദ്യം തലവടി പുത്തൻവീട്ടിൽ ആര്യ കെ. സുധീർ സംഭാവന ചെയ്തത്. ഇതുസംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് കണ്ട തലവടി മട്ടമ്മേൽ അജയകുമാറും കുടുംബവും ആര്യയെ സഹായിക്കാൻ രംഗത്തെത്തുകയായിരുന്നു. സൈക്കിൾ ദിനത്തിൽ മട്ടമ്മേൽ കുടുംബത്തു നടന്ന ചടങ്ങിൽ അമേയ എൻ.ശാരിൻ സൈക്കിൾ ആര്യമോൾക്ക് കൈമാറി. ചടങ്ങിൽ ഡോ.ജോൺസൺ വി. ഇടിക്കുള, സുരേഷ് ദാമോദരൻ, വിൻസൻ പൊയ്യാലുമാലിൽ, സുധീർ കൈതവന എന്നിവർ പങ്കെടുത്തു.