ഹരിപ്പാട്. കരുവാറ്റ പഞ്ചായത്തിൽ രണ്ടിടത്ത് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 105 ലിറ്റർ കോടയും 700 മില്ലി ചാരായവും പിടികൂടി. രണ്ടുപേർക്കെതിരെ കേസെടുത്തു. ഇരുവരും ഒളിവിലാണ്.

കോട സൂക്ഷിച്ചതിന് കരുവാറ്റ വടക്ക് തെക്കേമുടിയിൽ വീട്ടിൽ സുമീഷിന്റെ (34) പേരിലാണ് കേസെടുത്തത്. വീടിന് സമീപം കന്നാസിൽ സൂക്ഷിച്ച നിലയിലായിരുന്നു കോട. കരുവാറ്റ കന്നുകാലിപ്പാലത്തിന് വടക്കുവശത്തുള്ള കടയുടെ സമീപത്ത് 700 മില്ലി ചാരായം വില്പനയ്ക്കു കൊണ്ടുവന്നതിന് കരുവാറ്റ വടക്ക് മുറിയിൽ പുത്തൻ വീട്ടിൽ മധു കുമാറിന്റെ (57) പേരിലും കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യു, പ്രിവന്റീവ് ഓഫീസർ കെ. അംബികേശൻ, സിവിൽ എക്സൈസ് ഓഫീസർ ആർ. ശ്രീജിത്ത്, ഡ്രൈവർ സി. സുഭാഷ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.