മാവേലിക്കര: ജില്ലാ ആശുപത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കുകയും, മറ്റു ജീവനക്കാരെ അധിക്ഷേപിക്കുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസർ മാവേലിക്കര ഉമ്പർനാട് അഭിലാഷ് ഭവനത്തിൽ അഭിലാഷിനെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി അങ്കണത്തിൽ നിൽപ് സമരം സംഘടിപ്പിച്ചു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.പി.റ്റി സക്കറിയ സമരം ഉദ്ഘാടനം ചെയ്തു. കെ.ജി.എം.ഒ.എ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ.ശ്യാമപ്രസാദ് അദ്ധ്യക്ഷനായി.
കെ.ജി.എം.ഒ.എ മാവേലിക്കര യൂണിറ്റ് കൺവീനർ ഡോ.ജയശങ്കർ സ്വാഗതം പറഞ്ഞു. കെ.ജി.എം.ഒ.എ സംസ്ഥാന എത്തിക്സ് കമ്മിറ്റി ചെയർമാൻ ഡോ.സാബു സുഗതൻ, ഐ.എം.എ ഡിസ്ട്രിക്ട് കമ്മിറ്റി ചെയർമാൻ ഡോ.മദൻമോഹൻ, ആലപ്പുഴ പ്രസിഡന്റ് ഡോ.എ.പി മുഹമ്മദ്, മാവേലിക്കര പ്രസിഡന്റ് ഡോ.രാജേന്ദ്രൻ പിള്ള, ഡിസ്ട്രിക്ട് ആക്ഷൻ കൗൺസിൽ അംഗം ഡോ.അരുൺ, കെ.ജി.എം.ഒ.എ ജില്ലാ സെക്രട്ടറി ഡോ.റിഷാദ് മേത്തർ എന്നിവർ സംസാരിച്ചു.
കുറ്റക്കാരനെ ഉടനടി അറസ്റ്റ് ചെയ്തില്ലെങ്കിൽ കോവിഡ് വാക്സിനേഷൻ, ടെസ്റ്റിംഗ് ഉൾപ്പടെയുള്ള സേവനങ്ങൾ നിർത്തിവെച്ച് ശക്തമായ സമരത്തിലേക്ക് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതിഷേധ സൂചകമായി ജില്ലയിലെ മറ്റ് ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലി ചെയ്‍തത്. സമരത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ്, കോവിഡ് നോഡൽ ഓഫീസർ ഡോ.കോശി ഇടിക്കുള, കെ.ജി.എം.ഒ.എ ജില്ലാ ട്രെഷറർ ഡോ.ടോണി തോമസ് മാത്യു, വൈസ് പ്രസിഡന്റ് ഡോ.വിദ്യ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ശരത് ചന്ദ്രബോസ്, മാവേലിക്കര ഐ.എം.എ സെക്രട്ടറി ഡോ.അരുൺ മാമ്മൻ, ഡബ്യൂ.ഐ.എം.എ സെക്രട്ടറി ഡോ.ശാലു, ഐ.എം.എ സംസ്‌ഥാന സമിതി അംഗം ഡോ.സൂസൻ, ഡോ.സോണിയ സുരേഷ് എന്നിവർ പങ്കെടുത്തു.