മാവേലിക്കര: വെള്ളപ്പൊക്ക, കൊവിഡ് ദുരിതബാധിതരായ കുടുംബങ്ങൾക്കായി രണ്ടാംഘട്ട ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രേറ്റർ ലയൺസ് ക്ലബ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കോട്ടയ്ക്കകം അഞ്ജലിയിൽ പ്രൊഫ.ലക്ഷ്മി നാരായണൻ വിവാഹ വാർഷികത്തിനായി മാറ്റിവെച്ച 20000 രൂപയും ഗ്രേറ്റർ ലയൺസ് ക്ലബ് അംഗവും പുതിയകാവ് സുനിഷിൽ അഡ്വ.നാഗേന്ദ്രമണിയുടെ ഭാര്യയുമായ ശാന്തിമണി ജന്മദിന ആഘോഷത്തിനായി മാറ്റിവച്ച 10000 രൂപയും ഗ്രേറ്റർ ലയൺസ് ക്ലബ്ബിന്റെ സംഭാവനയായ 10000 രൂപയും ചേർത്ത് 40000 രൂപയുടെ ഭക്ഷ്യധാന്യക്കിറ്റുകളാണ് വിതരണം ചെയ്തത്. മാവേലിക്കര പൊലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ സി.ഐ ജി.പ്രൈജു വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് അഡ്വ.നാഗേന്ദ്രമണി അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ കെ.ഗോപൻ, സീജീവ് പ്രായിക്കര, കവിത സജീവ്, സുജാതദേവി, ഗോപൻ സർഗ, തോമസ് മാത്യു എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി. ക്ലബ് ഭാരവാഹികളായ ലാൽദാസ്, അനീഷ് മാത്യു, വേണുഗോപാൽ, റെയ്ജു, ജോഹൻലാൽ എന്നിവർ പങ്കെടുത്തു.