s

പുതിയ ബഡ്ജറ്റിൽ ജില്ലയ്ക്ക് പ്രത്യേക പദ്ധതികളില്ല

ആലപ്പുഴ: പിണറായി സ‌ർക്കാരിന്റെ രണ്ടാം വരവിലെ ആദ്യ ബഡ്ജറ്റിൽ ആലപ്പുഴയ്ക്ക് ആവേശം പകരുന്ന പരാമർശങ്ങളില്ല. എന്നാൽ, കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ തോമസ് ഐസക് പ്രഖ്യാപിച്ച കാര്യങ്ങൾ അതേപടി നിലനിറുത്തിക്കൊണ്ടുള്ള തുടർ ബഡ്ജറ്റാണ് താൻ അവതരിപ്പിച്ചതെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രസ്താവനയിലാണ് ജില്ലയുടെ പ്രതീക്ഷയെല്ലാം. തോമസ് ഐസകിന്റെ കഴിഞ്ഞ ബഡ്ജറ്റിൽ ജില്ലയ്ക്ക് ഏറെ വാഗ്ദാനങ്ങളും പ്രത്യേക പദ്ധതികളുമുണ്ടായിരുന്നു.

വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ സംരക്ഷണത്തിനും മത്സ്യബന്ധന മേഖലയ്ക്കും കാർഷിക പുരോഗതിക്കും പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകൾ ജില്ലയ്ക്കും ഗുണം ചെയ്യും. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും, സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ആലപ്പുഴയ്ക്ക് മാത്രമായി പുതിയതൊന്നുമില്ല.

ഗൗരിഅമ്മയ്ക്ക് സ്മാരകം

അന്തരിച്ച മുൻ മന്ത്രി കെ.ആർ.ഗൗരിഅമ്മയ്ക്ക് ഉചിതമായ സ്മാരകം നിർമ്മിക്കാൻ 2 കോടി രൂപ പ്രഖ്യാപിച്ചു. സ്മാരകം ആലപ്പുഴയിൽ തന്നെയാണോ നിർമ്മിക്കുന്നതെന്ന് പ്രഖ്യാപിച്ചിട്ടില്ല.

പകർച്ചവ്യാധി പഠനകേന്ദ്രം

അമേരക്കയിലെ സെന്റർ ഫോർ ഡീസീസ് കൺട്രോളിന്റെ മാതൃകയിൽ ഒരു സ്ഥാപനം കേരളത്തിൽ തുടങ്ങാൻ കഴിയുന്നത് മെഡിക്കൽ റിസർച്ചിനും സാംക്രമിക രോഗ നിവാരണത്തിനും ഭാവിയിൽ മുതൽക്കൂട്ടായിരിക്കുമെന്ന് ബഡ്ജറ്റിൽ പരാമർശിക്കുന്നു. സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ മൾട്ടി - ഡിസിപ്ലിനറി, ഇന്റഗ്രേറ്റഡ് വൈദഗ്ദ്ധ്യം നൽകുന്നതിനുള്ള മികവിന്റെ കേന്ദ്രമായി പ്രവർത്തിക്കാൻ സജ്ജമാകുന്ന രീതിയിലായിരിക്കും സ്ഥാപനം വിഭാവനം ചെയ്യുന്നത്. ഇത് ലക്ഷ്യമിട്ട് സാദ്ധ്യതാപഠനം നടത്തി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ 50 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആലപ്പുഴ ജനറൽ ആശുപത്രിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സംസ്ഥാന വൈറോളജി ലാബിനെ പകർച്ചവ്യാധി പഠനത്തിന്റെ ആസ്ഥാനമാക്കി മാറ്റാൻ പ്ലാനിംഗ് ബോർഡ് കഴിഞ്ഞ സ‌‌ർക്കാരിന് നി‌ർദേശം നൽകിയിരുന്നു. സമഗ്ര നവീകരണം ലക്ഷ്യമിട്ട് 2019 - 20 ബഡ്ജറ്റിൽ 25 ലക്ഷം രൂപ അനുവദിച്ചതാണ്. പുതിയ ബഡ്ജറ്റിലെ പ്രഖ്യാപനം ജില്ലയ്ക്കും പൊതുവിൽ ആരോഗ്യ മേഖലയ്ക്കും പ്രതീക്ഷ പകരുന്നു.

ആശ്വാസ തീരം

 തീരദേശ സംരക്ഷണം, തീരദേശമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉൾപ്പെടുത്തി പാക്കേജ്

 ദു‌ർബല പ്രദേശങ്ങളും ടെട്രപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷണത്തിന് ഏറ്റെടുക്കും

 പ്രദേശത്തിന്റെ ഘടനയ്ക്ക് അനുയോജ്യമായ സാങ്കേതിക മാർഗങ്ങൾ കണ്ടെത്താൻ ബാത്തിമെട്രിക്, ഹൈഡ്രോഗ്രാഫിക് പഠനം

 തീരദേശ ഹൈവേയിൽ 25-30 കിലോമീറ്റ‌ർ ഇടവേളകളിൽ പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങൾ സ്ഥാപിക്കും

 കിഫ്ബി വഴി 240 കോടിയുടെ പദ്ധതി

 11,000 കോടിയുടെ വികസന പദ്ധതികൾ നാല് വർഷം കൊണ്ട് നടപ്പാക്കും

നന്നാവട്ടെ കൃഷി

 കർഷകർക്ക് സഹായകമാകുന്ന ആധുനിക വികസന പദ്ധതികൾ: 10 കോടി

 കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവന ശൃംഖല: 10 കോടി

 താഴ്ന്ന പലിശയ്ക്ക് കാർഷിക വായ്പ

 5 അഗ്രോപാർക്കുകളിൽ ഒന്ന് ആലപ്പുഴയിൽ വരുമെന്ന് പ്രതീക്ഷ

 വെള്ളപ്പൊക്ക നിയന്ത്രണം സമഗ്ര പാക്കേജ് - പ്രാഥമിക ഘട്ടം:50 കോടി

മത്സ്യബന്ധന മേഖല

 മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ: 5 കോടി

 അക്വേറിയം റിഫോംസ് സംബന്ധിച്ച് പഠനം നടത്തി നിയമം കൊണ്ടുവരും

കോടികൾ കിലുങ്ങുന്ന ടൂറിസം

 ടൂറിസം വകുപ്പിൽ മാർക്കറ്റിംഗിന് നിലവിലുള്ള 100 കോടിക്ക് പുറമേ അധികമായി 50 കോടി

 കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന പദ്ധതി- ആദ്യഘട്ടം കൊല്ലം, കൊച്ചി, തലശേരി: 5 കോടി

 പുനരുജ്ജീവന പാക്കേജ്: 30 കോടി