വള്ളികുന്നം : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചൂനാട് കല്യാണിശേരിൽ മൾട്ടി സ്പെഷ്യാലിറ്റി ആയുർവേദ ഹോസ്പിറ്റലും വള്ളികുന്നം ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന അപരാജിത സന്ധ്യ ഇന്ന് നടക്കും. ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയുടെയും വള്ളികുന്നം ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് 6.30 ന് പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമായി 3000 ഇടങ്ങളിൽ ഒരേ സമയം അപരാജിത ധൂപ ചൂർണം പുകയ്ക്കും. വാർഡ് മെമ്പർമാരും സന്നദ്ധ പ്രവർത്തകരും നേതൃത്വം നൽകും.
മഴക്കാല പകർച്ച വ്യാധികളുടെ പ്രതിരോധത്തിനും പരിസ്ഥിതി ശു ചീകരണത്തിനും ധൂപം ഏറെ ഫലപ്രദമാണെന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. രവികുമാർ കല്യാണിശേരിൽ പറഞ്ഞു. മഴക്കാല പൂർവ്വ പരിസര ശുചീകരണത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് അപരാജിത സന്ധ്യയുടെ ലക്ഷ്യമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് അറിയിച്ചു.