s
കോമൺ സർവീസ് സെന്റർ

കോമൺ സർവീസ് സെന്ററുകൾക്ക് പ്രവർത്തന അനുമതിയില്ല

ആലപ്പുഴ: സംസ്ഥാനത്ത് അക്ഷയ സെന്റുകൾക്ക് പ്രവർത്തനാനുമതി നൽകുമ്പോൾ, അതേ സേവനങ്ങൾ നൽകുന്ന കോമൺ സർവീസ് സെന്ററുകൾക്ക് അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധം വ്യാപകമാകുന്നു. ഇലക്ട്രോണിക് ആൻഡ് ഐ.ടി മന്ത്രാലയത്തിന് കീഴിൽ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര സർക്കാർ ആവിഷ്‌ക്രിച്ച സംരംഭമാണ് കോമൺ സർവീസ് സെന്ററുകൾ (സി.എസ്.സി).

ജില്ലയിൽ മാത്രം 200ലധികം സംരംഭകരാണ് സെന്ററുകൾ നടത്തുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബാങ്കിംഗ്, ഇൻഷ്വറൻസ് സേവനങ്ങൾക്ക് വേണ്ടി ധാരാളം പേർ സമീപിക്കുന്നുണ്ടെങ്കിലും, സ്ഥാപനം തുറക്കാനാവാത്ത സ്ഥിതിയാണെന്ന് സംരംഭകർ പറയുന്നു. വിവിധ സേവനങ്ങൾക്ക് കമ്മിഷനായി ലഭിക്കുന്ന തുകയാണ് സംരംഭകരുടെ വരുമാനം. തങ്ങളെ സമീപിക്കുന്ന ഉപഭോക്താക്കളും നിരാശരായി മടങ്ങുകയാണെന്ന് ഇവർ പറയുന്നു. കഴിഞ്ഞ ദിവസം ഒരു വൃദ്ധയ്ക്ക് ബാങ്കിംഗ് സേവനം നൽകിയതിന്റെ പേരിൽ സംരംഭകനെ സെക്ടറൽ മജിസ്‌ട്രേറ്റ് താക്കീത് ചെയ്ത് അയച്ച അനുഭവമുണ്ടായി. ഒരേ സേവനം നൽകുന്ന കേന്ദ്രങ്ങൾക്ക് വ്യത്യസ്ത നീതി നടപ്പാക്കുന്നത് ഖേദകരമാണെന്ന് സംരംഭകർ പറയുന്നു. ഒരു കേന്ദ്രത്തിൽ ചുരുങ്ങിയത് രണ്ട് ജീവനക്കാരുണ്ടാവും. ഇവർക്കും വരുമാനമടഞ്ഞു.

സി.എസ്.സി സേവനങ്ങൾ

ഇ കോമേഴ്സ്, പാസ്‌പോർട്ട്, വി ബാങ്കിംഗ്, ഇൻഷ്വറൻസ് സേവനങ്ങൾ, പാൻ കാർഡ്, ആധാർ കാർഡ്, ടെലി മെഡിസിൻ, ടെലി ലോ, കെ.എസ്.ഇ.ബി ബിൽ പേയ്‌മെന്റ്, കൊവിഡ് രജിസ്‌ട്രേഷൻ

214 : ജില്ലയിലെ സി.എസ്.സികൾ

സംരംഭകർ ഇപ്പോൾ

 വീടുകളിൽ ഇരുന്നു വാക്സിൻ രജിസ്‌ട്രേഷൻ സൗജന്യമായി ചെയ്തുകൊടുക്കുന്നു

 ബാങ്കിംഗ് സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്നു

ഫോട്ടോസ്റ്റാറ്റ് കടകൾക്ക് വരെ തുറക്കാൻ അനുവാദം നൽകിയിട്ടും കോമൺ സർവീസ് സെന്ററുകൾക്ക് പ്രവർത്തനാനുമതി ഇല്ലാത്തത് ഇരട്ട നീതി നടപ്പാക്കുന്നതിനു തുല്യമാണ്. ഇളവുകളിൽ ഉൾപ്പെടുത്തി ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും പ്രവർത്തനാനുമതി നൽകണം

പ്രശാന്ത്, ജില്ലാ സി.എസ്.സി കോ ഓപ്പറേറ്റിവ് സൊസൈറ്റി