ചേർത്തല: ഒറ്റമശേരി തീരത്തെ കടലാക്രമണത്തിൽ നിന്ന‌് സംരക്ഷിക്കാൻ താത്കാലിക കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കും.കളക‌്ടർ അനുവദിച്ച ഒമ്പത‌് ലക്ഷം രൂപ ചെലവഴിച്ച‌് 25 ലോഡ‌് കരിങ്കല്ല് ഉടൻ ഇറക്കും. ഇതിന‌് കരാറുകാരെ ലഭിക്കാത്തത‌് പ്രതിസന്ധി സൃഷ‌്ടിച്ചിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ‌് എന്നിവരും എ.എം ആരിഫ‌് എം.പിയും സ്ഥലം സന്ദർശിച്ച‌് പദ്ധതി അടിയന്തരമായി നടപ്പാക്കാൻ അധികൃതർക്ക‌് നിർദ്ദേശം നൽകിയിരുന്നു. മൂവാറ്റുപുഴയിലെ സ്ഥാപനം കളക‌്ടറുടെ ഉത്തരവ‌് ലഭിച്ചാലുടൻ പാറയിറക്കാമെന്ന‌് അറിയിച്ചിട്ടുണ്ട്. ജലസേചന വകുപ്പ‌് ഉദ്യോഗസ്ഥരുടെ ഇടപെടലിലാണ‌് പ്രശ്ന പരിഹാരം ഉണ്ടായത്. പാറയുടെ തൂക്കം അളക്കുന്നതിന‌് അർത്തുങ്കൽ മത്സ്യബന്ധന തുറമുഖ നിർമ്മാണ സ്ഥലത്തെ വേബ്രിഡ‌്ജ‌് ഉപയോഗിക്കാൻ നടപടിയായി. 850 ടൺ പാറയിറക്കുന്നതാണ‌് ആദ്യഘട്ട പദ്ധതി.
കഴിഞ്ഞദിവസം തീരസംരക്ഷണത്തിന‌് ജില്ലയ‌്ക്ക‌് സർക്കാർ അനുവദിച്ച ഒരുകോടിയുടെ വിഹതമായി ലഭിക്കുന്ന 25 ലക്ഷത്തിന്റെ രണ്ടാംഘട്ട പദ്ധതിയും വൈകാതെ നടപ്പാകും. ഒരു കിലോമീറ്റർ പുലിമുട്ടോടെയുള്ള കടൽഭിത്തി നിർമ്മാണവും ഈവർഷം തുടങ്ങും. പുതുക്കിയ ബഡ്ജറ്റിൽ പ്രഖ്യാപിച്ച തീരസംരക്ഷണത്തിനുള്ള പ്രത്യേക പദ്ധതിയും നടപ്പാകുന്നതോടെ തീരസുരക്ഷ പൂർണതോതിലാകും. ഇതിന‌് ഇടപെട്ട മന്ത്രിമാരെയും എം.പിയെയും മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ‌് പി.ഐ.ഹാരിസും സെക്രട്ടറി സി.ഷാംജിയും അഭിനന്ദിച്ചു.