കുട്ടനാട്: ശബരിമല മേൽശാന്തി നിയമനത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷണിച്ച അപേക്ഷയിലെ ജാതി വിവേചനം അവസാനിപ്പിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ആവശ്യപ്പെട്ടു. കേരളീയ ആചാരപ്രകാരം പൂജാവിധി പഠിച്ചിട്ടുള്ളവരിൽ നിന്നു ശാന്തി, തന്ത്രി നിയമനങ്ങൾ നടത്തുമ്പോൾ വിവേചനം പാടില്ലെന്ന് 1996ൽ കേരള ഹൈക്കോടതിയും 2002ൽ സുപ്രീം കോടതിയും വിധിച്ചിട്ടും ഇപ്പോഴും ശബരിമല മേൽശാന്തി നിയമനം മലയാള ബ്രാഹ്മണരിൽ നിന്നു മാത്രം നടത്തുന്നത് പ്രതിഷേധാർഹമാണ്. ഈ നിയമനം ദളിത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ബാലികേറാ മലയാവുകയാണ്. ഇവിടെ പൂജിക്കാനുള്ള അവകാശം മലയാളി ബ്രഹ്മണർക്കായി മാറ്റിയ തീരുമാനം പുന:പരിശോധിക്കണമെന്നും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിയൻ ചെയർമാൻ പി.വി. ബിനേഷ് ആദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എ.കെ. ഗോപി ദാസ്, എം.പി. പ്രമോദ്, ടി.എസ്. പ്രദീപ് കുമാർ, പി.ബി. ദിലീപ്, കെ.കെ. പൊന്നപ്പൻ, അഡ്വ. എസ്. അജേഷ് കുമാർ എന്നിവർ സംസാരിച്ചു.