ചേർത്തല: മരുത്തോർവട്ടം ഗ്രാമോദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഹരിതാഭമാക്കാം സുന്ദരമാക്കാം പാതയോരങ്ങൾ പദ്ധതി പരിസ്ഥിതി ദിനമായ ഇന്ന് തുടങ്ങും.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 17,18,19 വാർഡുകളിലെ വഴിയോരങ്ങൾ മനോഹരമാക്കുകയും ജനങ്ങളിലേക്ക് പരിസ്ഥിതി സംരക്ഷണത്തിന്റേയും ചെടികളുടേയും പ്രധാന്യവും എത്തിക്കുകയാണ് 5 വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ ലക്ഷ്യം . പ്രവർത്തനമേഖലയിൽ ഒന്നായ കെ.വി.എം കമ്പനിക്കവലയിൽ പൂക്കളുണ്ടാകുന്ന ചെടികളും ഇലച്ചെടികളും വെച്ചുപിടിപ്പിക്കും. മണ്ണൊലിപ്പ് തടയാൻ രാമച്ചത്തിന്റെ തൈകളും വിതരണം ചെയ്യും. ആഗോള താപനത്തിന്റെ ഭീകരമുഖം പുത്തൻ തലമുറക്ക് കാട്ടിക്കൊടുക്കുന്നതിന് ഓൺലൈൻ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. പാതയോരത്ത് വയ്ക്കാനുള്ള പൂച്ചെടികൾ മുഖ്യ രക്ഷാധികാരി കോക്കോടഫ്റ്റ് സി.ഇ.ഒ പി.മഹാദേവൻ സ്‌പോൺസർ ചെയ്തു. കെ.വി.എം ട്രസ്റ്റ് അംഗം വി.വി. പ്യാരിലാൽ ചെടി നടാനുള്ള സ്ഥലത്തിന് അനുവാദം നൽകി. ട്രസ്റ്റ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ ,സെക്രട്ടറി ജെ.പി.വിനോദ്,ട്രഷറർ നോബിൻ പുത്തൻ മഠം, രക്ഷാധികാരികളായ സൈറസ് റോസ്ഗാർഡൻസ്, മുഹമ്മദ് യഹിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.