പൂച്ചാക്കൽ: പാണാവള്ളിയിലെ മരമുത്തശ്ശന് ലോക പരിസ്ഥിതി ദിനത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ ആദരം.നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിന് കിഴക്ക് പുന്നച്ചുവട് ജംഗ്ഷനിലെ ചെറുപുന്ന വൃക്ഷത്തിനാണ് കാൽറ്റാണ്ടിന് മുമ്പ്, നെഹ്റു വിചാരവേദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലാ കളക്ടർ മരമുത്തശ്ശൻ പദവി നൽകിയത്. പുന്നമരത്തിന്റെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. നാലു തലമുറകളായി
വൈകുന്നേരങ്ങളിലെ നാട്ടുകാരുടെ ഒത്തുചേരലും ചർച്ചകളും കളികളുമെല്ലാം ഈ മരച്ചുവട്ടിലാണ്. പരിസരത്തുള്ള പല സംഘടനകളും രൂപം കൊണ്ടത് ഇവിടെയാണ്. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ മിക്കവരും പുന്നച്ചുവട്ടിൽ പ്രസംഗിച്ചിട്ടുള്ളവരാണ്.
മരത്തിന് നൂറ്റമ്പത് വർഷം പഴക്കമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ് അബ്ദുൾ ജബ്ബാർ മരമുത്തശ്ശന് ഹാരമണിയിച്ചു.രാധാകൃഷ്ണൻ ,താജുദ്ദീൻ കാരിച്ചിറ, സുരേഷ് തണ്ണിശേരി, ഷാനവാസ് വടയനാട് തുടങ്ങിയവർ പങ്കെടുത്തു.