കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരു മാസമായി എന്നും അടിയന്തിരമായി ഇതിന് പരിഹാരം കാണണമെന്നും ഡി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ യു മുഹമ്മദ് പറഞ്ഞു. മോർച്ചറിയുടെ ഫ്രീസർ യൂണിറ്റിലെ മെഷീൻ തകരാർ കാരണമാണ് പ്രവർത്തനം തടസപ്പെടാൻ കാരണം. നിലവിൽ പോസ്റ്റ്മോർട്ടത്തിനും മോർച്ചറി സേവനങ്ങൾക്കും ജില്ലയിലെ മറ്റു സ്വകാര്യ ആശുപത്രികളെ അടക്കം ആശ്രയിക്കേണ്ട സാഹചര്യമാണ് ഉള്ളത്. പ്രത്യേകിച്ച് കൊവിഡ് സാഹചര്യത്തിൽ ഇത് ജനങ്ങൾക്ക് സാമ്പത്തികമായും മാനസികമായും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കായംകുളം നഗരസഭയുടെ ഈ വിഷയത്തിൽ ഉള്ള അനാസ്ഥയാണ് ഇത്ര ദിവസം ആയിട്ടും ഇതിന് പരിഹാരം കാണാൻ കഴിയാത്തതിന് കാരണം. എത്രയും വേഗം ഈ വിഷയത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി ഇടപെട്ട് മോർച്ചറി സേവനം പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താൻ കോൺഗ്രസ് നിർബന്ധിതമാകുമെന്നും യു മുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു.