പ്രവർത്തനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
ചേർത്തല: ആലപ്പുഴ -കോട്ടയം ജില്ലകളുടെ അതിർത്തിയാണ് തണ്ണീർമുക്കം. തിരക്കും ഏറെ പ്രാധാന്യവുമുള്ള ഇവിടുത്തെ പൊലീസ് എയ്ഡ് പോസ്റ്റ് ആർക്കും വേണ്ടാതെ അനാഥാമായി കിടക്കുകയാണ്.
സാമൂഹ്യവിരുദ്ധ ശല്യം ഏറെയുള്ള ഇടമാണിവിടം. രാത്രികാലത്ത് ശുണ്ടകളുടെയും മറ്റും താളവമാണിവിടം. അടുത്ത പൊലീസ് സ്റ്റേഷനായ മുഹമ്മയിലേയ്ക്ക് ഇവിടെ നിന്ന് എട്ടുകിലോമീറ്റർ ദൂരമുണ്ട്.
ഇരുചക്ര യാത്രക്കാരെ ഉൾപ്പെടെ തടഞ്ഞു നിർത്തി ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആലപ്പുഴയിൽ മോഷണം നടത്തിയ ശേഷം തണ്ണീർമുക്കം ബണ്ടുവഴി കോട്ടയത്തേയ്ക്ക് കടന്ന് രക്ഷപ്പെടുന്നതും പതിവാണ്. രാത്രി വൈകി മുതൽ പുലർച്ചെ വരെ ശുചിമുറി മാലിന്യം നിക്ഷേപിക്കുന്ന ഇടം കൂടിയാണിത്. ഗുണ്ടകളുമായി എത്തുന്ന ഈ സംഘം ചോദ്യം ചെയ്യാൻ എത്തുന്ന മത്സ്യതൊഴിലാളികളെ ഉൾപ്പെടെ ആക്രമിച്ച സംഭവങ്ങളും നിത്യസംഭവമാണ്.
വന്നത് വളരെ ബുദ്ധിമുട്ടി, ഇപ്പോൾ അനാഥം
ഒരു കാലഘട്ടത്തിൽ സി.പി.എം-ആർ.എസ്.എസ് സംഘർഷ മേഖലകളിൽ ഒന്നായിരുന്നു ഇവിടം. മാസങ്ങളോളം പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തിയിരുന്നു. ടൂറിസം മേഖലയിലും വിദേശികൾ ഉൾപ്പെടെ എത്തുന്ന പ്രദേശമാണ് തണ്ണീർമുക്കം കായൽ തീരം. കൊവിഡിന്റെ ഒന്നാം തരംഗത്തിലും ഇപ്പോഴും ജില്ലാ അതിർത്തിയിൽ മൂന്നു ഷിഫ്റ്റുകളിലായി വനിതാ പൊലീസ് ഉൾപ്പെടെ 12 ഓളം പൊലീസുകാർ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സ്ഥലമാണ് തണ്ണീർമുക്കം. മഴക്കാലത്തും വെയിലത്തും ഇവിടെ ഡ്യൂട്ടി നോക്കിയ വനിതാ പൊലീസ് ഉൾപ്പെടെയുള്ളവർ സമീപത്തെ വീടുകളെയാണ് പ്രാഥമിക കർത്തവ്യങ്ങൾക്കായി ആശ്രയിച്ചത്. പൊലീസ് വകുപ്പിന്റെ അഭ്യർത്ഥനയെ തുടർന്ന് ഇറിഗേഷൻ വകുപ്പ് സർക്കാരിന് കൈമാറിയ സ്ഥലത്താണ് എയ്ഡ് പോസ്റ്റ് നിർമ്മിച്ചത്.
പ്രദേശവാസികളും
പേടിയിൽ
കാലങ്ങളായ പ്രവർത്തിച്ചിരുന്ന എയ്ഡ് പോസ്റ്റ് കാടുപിടിച്ച് നശിച്ച നിലയിലായി. രണ്ട് മുറികളും ബാത്ത് റൂമും താത്കാലിക സെൽ സൗകര്യവുമുണ്ടായിരുന്ന ഇവിടെ മുഹമ്മയിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വീതം 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ടായിരുന്നതാണ്. അടുത്ത് പൊലീസ് സ്റ്റേഷൻ ഇല്ലാത്തത് മൂലം രാത്രി കാലങ്ങളിൽ പ്രദേശവാസികൾക്ക് സാമൂഹ്യവിരുദ്ധരെ ഉൾപ്പെടെ ഭയന്ന് കഴിയേണ്ട അവസ്ഥയാണ്. അടിയന്തിരമായി എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം പുരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
..................................
പൊലീസിന്റെ സാന്നിദ്ധ്യം ഇല്ലാത്തത് ക്രമിനൽ സംഘങ്ങളുടെ വിളയാട്ടത്തിന് കാരണമായിട്ടുണ്ട്. മാത്രമല്ല കോട്ടയം ഭാഗത്ത് നിന്ന് അമിത ഭാരം കയറ്റി വേഗതയിൽ എത്തുന്ന വാഹനങ്ങൾ നിരന്തരം അപകടക്കെണി ഉണ്ടാക്കുന്നുണ്ട്. അടിയന്തിരമായി എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം പുന:രാരംഭിക്കണം.
കെ.ബാബു(തണ്ണീർമുക്കം വികസന സമിതി ചെയർമാൻ)